തിരുവനന്തപുരം: നഗരത്തിൽ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വൻതോതിൽ കഞ്ചാവ് വില്പന നടത്തിവന്ന ആളെ സിറ്റി നാർക്കോട്ടിക് സെൽ ടീമും ഫോർട്ട് പൊലീസും ചേർന്ന് പിടികൂടി. വെള്ളറട സ്വദേശി കൂനൻ എന്ന് വിളിക്കുന്ന സത്യനെയാണ് (44) കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ ബോൾട്ടി'ന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പുത്തരിക്കണ്ടം മൈതാനത്തു നിന്ന് ഇയാളെ പിടികൂടിയത്. 500, 1000 രൂപയുടെ പൊതികളാക്കി, ഫോൺ മുഖാന്തരം ബന്ധപ്പെടുന്നവർക്കാണ് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ആവശ്യക്കാർ ഏറെയും വിദ്യാർത്ഥികളാണെന്ന് വ്യക്തമായി. പതിവായി കഞ്ചാവ് വാങ്ങിയിരുന്ന വിദ്യാർത്ഥികളെ കണ്ടെത്തി രക്ഷാകർത്താക്കളുടെ സഹകരണത്തോടെ ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ.സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു.
20 കിലോഗ്രാം കഞ്ചാവ് തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടു വരുന്നതിനിടെ അമരവിളവച്ച് പിടിയിലായ കേസ് ഉൾപ്പെടെ സത്യന്റെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകൾ നിലവിലുണ്ട്. ഡി.സി.പി ആർ.ആദിത്യയുടെയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ സന്തോഷ്‌കുമാർ, ഫോർട്ട് എസ്.ഐ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.