election

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചതോടെ നാമനിർദ്ദേശപത്രികാ സമർപ്പണം തുടങ്ങി. ആദ്യദിവസം ഏഴ് മണ്ഡലങ്ങളിലായി എട്ടുപേരാണ് പത്രിക നൽകിയത്. ഇതിൽ മൂന്ന് പേർ എസ്.യു.സി.ഐയുടെയും രണ്ടുപേർ ഡി.എച്ച്.ആർ.എം പാർട്ടിയുടെയും സ്ഥാനാർത്ഥികളാണ്. നാലുപേർ വനിതകളാണ്. ഇടുക്കിയിലെ സി.പി.എം സ്വതന്ത്രൻ ജോയ്സ് ജോർജാണ് പത്രിക നൽകിയവരിൽ പ്രമുഖൻ.

തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടും ആറ്റിങ്ങൽ, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പത്രികയുമാണ് സമർപ്പിച്ചിട്ടുള്ളത്. മിനി .എസ് (എസ്.യു.സി.ഐ), ഗോപകുമാർ .എ (ഡി.എച്ച്.ആർ.എം) എന്നിവർ തിരുവനന്തപുരത്തും ആറ്റിങ്ങലിൽ ഷൈലജ ടി. (ഡി.എച്ച്.ആർ.എം), കൊല്ലത്ത് സിന്റു പ്രഭാകരൻ (എസ്.യു.സി.ഐ), ചാലക്കുടിയിൽ ജോസ് തോമസ് (മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്)), വയനാട് മുജീബ് റഹ്മാൻ (സ്വതന്ത്രൻ), കണ്ണൂരിൽ അപർണ .ആർ (എസ്.യു.സി.ഐ) എന്നിവരുമാണ് പത്രിക നൽകിയത്.