തിരുവനന്തപുരം: കത്തിക്കയറുന്ന ചൂടിൽ ഇന്നലെ സംസ്ഥാനത്ത് 117 പേർക്ക് ശാരീരിക വിഷമതകളുണ്ടായി.കൊച്ചിയിൽ ഒരു ട്രാഫിക് പൊലീസുകാരന് സൂര്യാഘാതമേറ്റിട്ടുണ്ട്. ഫെബ്രുവരി 25 മുതൽ ഇന്നലെ വരെ ഔദ്യോഗിക കണക്കനുസരിച്ച് 473 പേർക്കാണ് സൂര്യാതപമേറ്റത്.
ഇന്നലെ വിവിധ ജില്ലകളിലായി 65 പേർക്ക് സൂര്യാതപമേറ്റു.52 പേർക്ക് കനത്ത ചൂട് മൂലം തൊലിപ്പുറത്ത് പാടുകൾ ഉണ്ടായി.ആലപ്പുഴയിൽ 10 ഉം പാലക്കാട് ഒമ്പതും പേർക്കാണ് സൂര്യാതപമേറ്റത്.കൊല്ലം, തൃശൂർ (7), കോട്ടയം,കോഴിക്കോട് (6),പത്തനംതിട്ട,മലപ്പുറം(5) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.ഇന്നലെ പാലക്കാട്ട് 40.8 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് ഉയർന്നത്. വെള്ളാനിക്കര (39.0)പുനലൂർ(38.5),കോട്ടയം(37.5),ആലപ്പുഴ (36.2) എന്നിങ്ങനെയായിരുന്നു മറ്റു കേന്ദ്രങ്ങളിലെ താപനില.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിശകലനപ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം , പാലക്കാട്,തൃശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ട്. മാർച്ച് 30 വരെ അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി തീരുമാനിച്ചു.