kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലയിൽ 45 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അപ്രത്യക്ഷമാവുകയും അതിൽ ഒരു വിഭാഗം കുട്ടികൾക്ക് സ്പെഷ്യൽ പരീക്ഷ നടത്തുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കണ്ടെത്താൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഉത്തരക്കടലാസുകൾ കാണാതായ എല്ലാ കുട്ടികൾക്കും സൗജന്യമായി ഉടൻ പ്രത്യേക പരീക്ഷ നടത്താനും 10 ദിവസത്തിനകം ഫലം പ്രഖ്യാപിക്കാനും തീരുമാനമായി.

പരീക്ഷാവിഭാഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മോണിട്ടറിംഗ് സമിതിയെ നിയോഗിച്ചു. മൂല്യനിർണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾക്ക് ഫാൾസ് നമ്പരിടുന്നതിന് നമ്പറിംഗ് മെഷീൻ വാങ്ങും. 15 ലക്ഷത്തോളം രൂപ വിലയുള്ള ഈ യന്ത്രം എം.ജി, കലിക്കറ്റ് സർവകലാശാലകളിലുണ്ട്. മൂല്യനിർണയത്തിന് ഉത്തരക്കടലാസുകൾ 25 വീതമുള്ള കെട്ടുകളാക്കി അദ്ധ്യാപകർക്ക് നൽകാനും ധാരണയായി.

ഉത്തരക്കടലാസുകൾ കാണാതായത് വൻ വീഴ്ചയാണെന്ന് പരീക്ഷ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ പി. രാജേഷ് കുമാർ സിൻഡിക്കേറ്റ് യോഗത്തിൽ സമ്മതിച്ചു. കാണാതായതല്ല, മുക്കിയതാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സെനറ്റ് യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തിരുവനന്തപുരം നിഷിലെ എം.എ.എസ്.എൽ.പി കോഴ്‌സിലെ ഒമ്പത് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളടങ്ങിയ കൊറിയർ കത്തിപ്പോയതാണെന്നും ബി.ടെക് കോഴ്സിലെ ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താനേല്പിച്ച അദ്ധ്യാപികയുടെ കൈവശം നിന്ന് നഷ്ടപ്പെട്ടതാണെന്നും വിശദീകരണമുണ്ടായി. ഈ അദ്ധ്യാപികയ്ക്ക് 15 പേപ്പറുകളടങ്ങിയ കെട്ടാണ് നൽകിയത്. തിരികെ നൽകിയതിൽ ഒരെണ്ണം കുറവുണ്ടായി. ഫാൾസ് നമ്പരുകൾ കൃത്യമായി രേഖപ്പെടുത്താതെയാണ് മൂല്യനിർണയത്തിന് പേപ്പറുകൾ നൽകിയത്. നമ്പറിംഗ് യന്ത്രം വാങ്ങാൻ നേരത്തേയും ശുപാർശയുണ്ടായിരുന്നെങ്കിലും ആ വിഭാഗത്തിലെ ജീവനക്കാരുടെ എതിർപ്പ് കാരണം വാങ്ങാനായിരുന്നില്ല.

നിഷിലെ 9 കുട്ടികൾക്കും ഒരു ബാച്ചിലർ ഒഫ് ഡിസൈൻ വിദ്യാർത്ഥിക്കും പുനഃപരീക്ഷ നടത്തിയിരുന്നു. ഇതിന്റെ ഫലം ഇന്നലെ പ്രസിദ്ധീകരിച്ചു. ഏതാനും വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക പുനഃപരീക്ഷ നടത്തുമ്പോൾ മൂല്യനിർണയത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വേണ്ടപ്പെട്ടവർക്ക് ഉയർന്ന മാർക്ക് ലഭിക്കാനുള്ള കുറുക്കുവഴിയാണിതെന്നുമാണ് ആക്ഷേപം. സ്പെഷ്യൽ പരീക്ഷയെഴുതുന്ന മിക്കവർക്കും ഉയർന്ന മാർക്ക് ലഭിക്കുന്നതു ദുരൂഹമാണെന്നും ആക്ഷേപമുണ്ട്.