kulam

നേമം: ജലക്ഷാമം നേരുടുന്ന കോർപ്പറേഷൻ അതിർത്തിയായ നേമത്തെ നഗരവാസികളുടെ പ്രശ്നം പരിഹരിക്കാൻ ഇവിടുത്തെ കുളങ്ങൾ മാത്രം സംരക്ഷിച്ചാൽ മതി. എന്നാൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന കുളങ്ങൾ ഇപ്പോൾ മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്. നേമത്തിന് 5 കി.മീ ചുറ്റളവിലായി ശിവൻകോവിൽ കുളം, പള്ളിക്കുളം, ആമീൻകുളം തുടങ്ങി14 കുളങ്ങളാണ് ഉള്ളത്. ഇതിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നവീകരിച്ചത് വെറും 3 കുളങ്ങൾ മാത്രമാണ്. അതിൽ രണ്ടെണ്ണം പൊന്നുമംഗലം വാർഡിലാണ് ഉള്ളത്. ഒരെണ്ണം പ്രാവച്ചമ്പലത്തും. ഈ വർഷത്തെ ഇടവപ്പാതിക്കും തുലാവർഷത്തിനും മുമ്പായി മറ്റ് കുളങ്ങൾ കൂടി വൃത്തിയാക്കി ഇതിലെ വെള്ളം വിതരണം ചെയ്താൽ വരും വർഷത്തിലെങ്കിലും ജല ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ കുളങ്ങൾ നവീകരിക്കുന്നത് വളരെ പ്രയാസമേറിയതാണ്. അത്രയും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് പല കുളങ്ങളും.

പ്രദേശത്തെ പല വീടുകളിൽ നിന്നും മാലിന്യം പുറംതള്ളുന്നത് ഇവിടുത്തെ ഓടകളിലേക്കാണ്. അവ ചെന്ന് ചേരുന്നതാകട്ടെ ഈ കുളങ്ങളിലും. കുളങ്ങളിലെ വെള്ളം ദുർഗന്ധം വമിക്കുന്ന കറുത്ത വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുകയാണ്. അതിൽ കൊതുകുകളും സുലഭം. ഒപ്പം പ്ലാസ്റ്റിക് കുപ്പികളും മദ്യ കുപ്പികളും കുളത്തിന്റെ ഒരു വശം കൈയടക്കിയിരിക്കുകയാണ്.

ശരാശരി 10 സെന്റിലുള്ള ഒരു കുളത്തിൽ പകുതി ശുദ്ധജലം കിട്ടിയാൽ അതിൽ നിന്ന് 300 കി.ലി. വെള്ളം ലഭിക്കും. അങ്ങനെ 10 സെന്റ് വീതമുള്ള 14 കുളങ്ങളിൽ നിന്നും തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകളിലേക്കുള്ള ജലം സുലഭമായി ലഭിക്കുമെന്നാണ് കണക്ക്. മറ്റ് വാർഡുകളിലും ഇതുപോലെയുള്ള കുളങ്ങളുടെ കണക്കെടുത്താൽ സിറ്റിയിലേക്കും സമീപ പ്രദേശത്തേക്കും ആവശ്യത്തിനുള്ള വെള്ളം ലഭിക്കും.