കേരളനേതാക്കൾ മലക്കം മറിയുന്നു
തിരുവനന്തപുരം / ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ആദ്യം ആവേശം കൊണ്ടെങ്കിലും ഇപ്പോൾ മണ്ഡലത്തിലെ പ്രചാരണ രംഗത്തുണ്ടായിരിക്കുന്ന അനിശ്ചിതത്വം യു.ഡി.എഫ് ക്യാമ്പിൽ അസ്വസ്ഥതയായി വളരുന്നു. അതേസമയം, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്നലെ ഡൽഹിയിൽ ചേർന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല.
അമേതിയെ കൂടാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കണോ എന്നതിൽ രാഹുൽ ഗാന്ധി മനസു തുറന്നിട്ടുമില്ല. രണ്ടാം മണ്ഡലം വേണ്ടി വന്നാൽ അത് വയനാട് ആയിരിക്കില്ലെന്നും സൂചനകളുണ്ട്. വയനാട്ടിൽ രാഹുൽ വരുമെന്ന് ഉറപ്പു പറഞ്ഞ കേരള നേതാക്കൾ ഇതോടെ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു തുടങ്ങി. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വയനാട്ടിൽ
മത്സരിക്കണമെന്ന നിർദ്ദേശം വയ്‌ക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ എന്നുമാണ് ഉമ്മൻ ചാണ്ടി ഇന്നലെ വിശദീകരിച്ചത്.
വയനാട്, വടകര സ്ഥാനാർത്ഥികളെ ഇന്നലത്തെ ഡൽഹി യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. രാഹുൽ ഇല്ലെങ്കിൽ വയനാട്ടിലെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെ കുഴഞ്ഞു മറിഞ്ഞതിൽ യു. ഡി. എഫ് ഘടകകക്ഷികളിലും അതൃപ്തിയുണ്ട്. പത്രികാ സമർപ്പണം തുടങ്ങിയിട്ടും ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷന്റെ പേരിൽ അനിശ്ചിതത്വത്തിലാവുന്നത് ആദ്യമാണ്. രാഹുൽ സ്ഥാനാർത്ഥി ആയില്ലെങ്കിൽ അതുളവാക്കുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങളും ചർച്ചാവിഷയമാണ്. വയനാടിന്റെ പേരിൽ വടകരയിലും സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതിലും പാർട്ടിയിൽ മുറുമുറുപ്പുണ്ട്.
അതേസമയം, രാഹുൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നീക്കം യു.ഡി.എഫിൽ ആരംഭിച്ചു. അണികളിലെ നിരാശയാണ് വെല്ലുവിളി. തീവ്രമായ പ്രചാരണത്തിലൂടെ അത് മറികടക്കാമെന്നാണ് പ്രതീക്ഷ. ജയസാദ്ധ്യത മാത്രമാണ് മാനദണ്ഡമെന്ന് പറഞ്ഞിട്ട് അന്തിമ സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പുകൾക്ക് മേൽക്കൈ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഒരു വിഭാഗം ചിന്തിക്കുന്നു. പ്രചാരണം മൂർദ്ധന്യത്തിലേക്ക് നീങ്ങുമ്പോൾ വിഷയങ്ങൾ കുത്തിപ്പൊക്കി വഷളാക്കേണ്ടെന്നാണ് ധാരണ.
വയനാട്ടിൽ രാഹുൽ എത്തുമെന്ന പ്രതീക്ഷ അണികളിലുളവാക്കിയ ആവേശം വലുതാണ്. രാഹുൽ പിന്മാറിയാലുണ്ടാകുന്ന നിരാശ അതിനെക്കാൾ വലുതായിരിക്കും. അത് വടക്കൻജില്ലകളിൽ പ്രചാരണത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. അതുണ്ടാകാതെ നോക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണെന്നാണ് ലീഗിന്റേതടക്കം നിലപാട്.
സി. പി. എം പേടി
അല്ലെന്ന് പ്രചരിപ്പിക്കും
രാഹുൽ പിന്മാറിയാൽ അത് സി.പി.എമ്മിന്റെ സമ്മർദ്ദം മൂലമാണെന്ന പ്രചാരണം സൃഷ്ടിക്കാവുന്ന രാഷ്ട്രീയാഘാതമാണ് മറ്റൊരു വെല്ലുവിളി. കോൺഗ്രസ് നേതാക്കളേക്കാൾ സി.പി.എമ്മിന്റെ അഭിപ്രായത്തിന് ഹൈക്കമാൻഡ് പ്രാമുഖ്യം നൽകുന്നുവെന്ന തോന്നലുണ്ടാക്കുന്നത് അണികളുടെ നിരാശ കൂട്ടിയേക്കാം. പെരിയ ഇരട്ടക്കൊലപാതകമൊക്കെ കോൺഗ്രസ് ചർച്ചയാക്കുമ്പോൾ പ്രത്യേകിച്ചും. ബി.ജെ.പി അത് പ്രചാരണായുധമാക്കും. രാഹുൽ പിന്മാറിയാൽ അത് സി.പി.എമ്മിന്റെ സമ്മർദ്ദത്താലല്ല എന്ന പ്രചാരണം ശക്തമാക്കും. എൻ.സി.പിയും ജനതാദളും ഉൾപ്പെടെയുള്ള യു.പി.എ കക്ഷികളുടെ സമ്മർദ്ദം രാഹുലിനെ പിന്തിരിപ്പിക്കുന്നതായി പ്രചാരണമുണ്ട്.