ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിലും പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്ടൻ രവിചന്ദ്രൻ അശ്വിൻ വിവാദ നായകനാവുകയാണ്. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ ജോസ് ബട്ലറെ മങ്കാഡിംഗ് നടത്തിയാണ് അശ്വിൻ വിവാദത്തിലായത്. കഴിഞ്ഞ രാത്രി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നാല് ഫീൽഡർമാരെ 30 വാര സർക്കിളിനുള്ളിൽ നിറുത്താൻ അശ്വിൻ വിട്ടുപോയതുകൊണ്ട് അമ്പയർ നോബാൾ വിളിച്ചതാണ് ചർച്ചയായത്. മങ്കാഡിംഗിനെ ന്യായീകരിക്കാൻ താൻ ക്രിക്കറ്റ് നിയമം അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞ അശ്വിന് അപ്പോൾ ഫീൽഡിംഗ് നിയമങ്ങളെപ്പറ്റി വല്യ പിടിയില്ല അല്ലേ, എന്നാണ് ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നത്.
സംഭവം ഇങ്ങനെ
ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ മുഹമ്മദ് ഷമി എറിഞ്ഞ 17-ാം ഓവറിന്റെ 30 വാര സർക്കിളിനുള്ളിൽ മൂന്ന് ഫീൽഡർമാരേ ഉണ്ടായിരുന്നുള്ളൂ. നാലുപേർ വേണമെന്നാണ് നിയമം. ക്രീസിൽ കരീബിയൻ വെടിക്കെട്ടുവീരൻ ആന്ദ്രേ റസൽ ആയതിനാൽ വമ്പനടി മുന്നിൽക്കണ്ട് ഫീൽഡർമാരെ ബൗണ്ടറി ലൈനിനരികിലേക്ക് നിയോഗിക്കുകയായിരുന്നു അശ്വിൻ. ഇതറിയാതെ ഷമി എറിഞ്ഞ യോർക്കർ റസലിന്റെ ബെയിൽസ് ഇളക്കി. എന്നാൽ, അമ്പയർ നോബാൾ വിളിച്ചു. കാരണം തിരക്കിയപ്പോഴാണ് ഫീൽഡർ കുറവായത് ചൂണ്ടിക്കാട്ടിയത്.
നോബാൾ നിർണായകമായത്
റസൽ ഔട്ടായിരുന്നുവെങ്കിൽ അത് കളിയുടെ ഗതിതന്നെ മാറിയേനെ. മത്സരത്തിൽ 17 പന്തുകളിൽ നിന്ന് 48 റൺസ് അടിച്ചുകൂട്ടിയ റസലാണ് കൊൽക്കത്തയെ 218/4 എന്ന സ്കോറിലേക്ക് എത്തിച്ചത്. ചേസിംഗിനിറങ്ങിയ
പഞ്ചാബിന് 190 റൺസേ നേടാനായുള്ളൂ. അഞ്ച് പന്തുകളിൽ നിന്ന് 3 റൺസുമായി നിൽക്കുമ്പോഴാണ് റസൽ ബൗൾഡാകുന്നതും നോബാൾ വിളിക്കുന്നതും.
നോബാളിന് ശേഷം റസൽ നേരിട്ട 11 പന്തുകളിൽ അഞ്ചെണ്ണം സികസ് പറത്തി. മൂന്ന് ഫോറുകളും.
നോബാളിന ശേഷമുള്ള 19 പന്തുകളിൽ നിന്ന് കൊൽക്കത്ത നേടിയത് 56 റൺസാണ്.
ഈഡൻ ഗാർഡൻസിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറാണ് കൊൽക്കത്ത ഉയർത്തിയത്.
പഴി പുതുമുഖത്തിന്
ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച വരുൺ ചക്രവർത്തി, ഹാർദസ് വിലോയൻ എന്നിവർക്ക് നിയമം അറിയാതിരുന്നതിലാണ് അബദ്ധം സംഭവിച്ചതെന്നാണ് അശ്വിൻ മത്സര ശേഷം പറഞ്ഞത്. എന്നാൽ, ഫീൽഡ് സെറ്റ് ചെയ്യുന്നത് ക്യാപ്ടന്റെ ഉത്തരവാദിത്വമാണ്.
''കളിയിൽ നമ്മൾ ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങൾ ചിലപ്പോൾ വലിയ പരാജയത്തിന് വഴിയൊരുക്കും. റസലിനെ ഔട്ടാക്കിയ പന്ത് നോബാളിന്റെ ഉത്തരവാദിത്വം ക്യാപ്ടനെന്ന നിലയിൽ ഞാനേൽക്കുന്നു. ഞാൻ ഫീൽഡ് സെറ്റിംഗിൽ ശ്രദ്ധിക്കേണ്ടതായിരുന്നു. ഫീൽഡർമാർ നിയമമനുസരിച്ച് സർക്കിളിന് ഉള്ളിലേക്ക് കയറി നിൽക്കുമെന്ന് കരുതിപ്പോയി. പക്ഷേ, അവർ അരങ്ങേറ്റക്കാരാണെന്ന് ചിന്തിച്ചില്ല.
-രവി ചന്ദ്രൻ അശ്വിൻ
''30 വാർ സർക്കിളിൽ നിന്ന് പുറത്തേക്ക് പോയ ഫീൽഡർക്ക് വലിയ നന്ദിയുണ്ട്. അയാളുടെ പേരെനിക്കറിയില്ല. ബൗൾഡായപ്പോൾ എല്ലാം കഴിഞ്ഞെന്നു കരുതി തിരിച്ചു നടക്കാൻ ഒരുങ്ങിയതാണ്. അപ്പോഴാണ് നോബാളാണെന്ന് അറിയുന്നത്. പിന്നൊന്നും നോക്കിയില്ല. കിട്ടിയ ലൈഫ് നന്നായങ്ങ് ആസ്വദിച്ചു.
-ആന്ദ്രേ റസൽ.