ഇപ്പോ : സുൽത്താൻ അസ്‌ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച് ഫൈനൽ ഉറപ്പിച്ച ഇന്ത്യ ഇന്ന് നടക്കുന്ന അവസാന റൗണ്ട് റോബിൻ ലീഗ് മത്സരത്തിൽ ദുർബലരായ പോളണ്ടിനെ നേരിടും.
മൂന്ന് വിജയങ്ങളും ഒരു സമനിലയും ഉൾപ്പെടെ 10 പോയിന്റുമായി ആറ് ടീമുകളടങ്ങുന്ന റൗണ്ട് റോബിൻ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 10 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയാണ് ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. റൗണ്ട് റോബിൻ ലീഗിൽ ഇന്ത്യയും കൊറിയയും ഏറ്റുമുട്ടിയപ്പോൾ 1-1ന് സമനിലയായിരുന്നു ഫലം.
കഴിഞ്ഞ ദിവസം കാനഡയ്ക്കെതിരായ മത്സരത്തിൽ 7-3ന്റെ തകർപ്പൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. മൻദീപ് സിംഗിന്റെ ഹാട്രിക് മികവിലാണ് ഇന്ത്യ കാനഡയെ തകർത്ത് തരിപ്പണമാക്കി ഫൈനൽ ബർത്ത് കണ്ടെത്തിയത്.
ശനിയാഴ്ചത്തെ ഫൈനലിനു മുമ്പ് ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൻദീപിനെ കൂടാതെ പെനാൽറ്റി കോർണർ സ്പെഷ്യലിസ്റ്റായ വരുൺ കുമാർ, ക്യാപ്ടൻ മൻപ്രീത് സിംഗ് തുടങ്ങിയവരും ഇന്ത്യൻ നിരയിൽ മികച്ച ഫോമിലാണ്.
5-21
ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. പോളണ്ട് 21-ാം റാങ്കിലും.
ടൂർണമെന്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും തോറ്റ ടീമാണ് പോളണ്ട്. മലേഷ്യ 5-1നും കാനഡ 4-0ത്തിനും ജപ്പാൻ 3-0ത്തിനുമാണ് അവരെ കീഴടക്കിയത്. ദക്ഷിണ കൊറിയ 3-2 നാണ് തോൽപ്പിച്ചത്.
ഇന്ത്യ ഇതുവരെ
ആദ്യ മത്സരത്തിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ ജപ്പാനെ 2-0ത്തിന് തോൽപ്പിച്ചു.
രണ്ടാം മത്സരത്തിൽ കൊറിയയോട് 1-1ന് സമനില വഴങ്ങി.
തുടർന്ന് മലേഷ്യയയെ 4-2നും കാനഡയെ 7-3നും തോൽപ്പിച്ചു.
5
തവണ അസ്‌ലൻഷാ കിരീടം നേടിയവരാണ് ഇന്ത്യ. 10 തവണ ജേതാക്കളായ ആസ്ട്രേലിയ മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
2010ലാണ് ഇന്ത്യ അവസാനമായി അസ്‌ലൻഷാ കിരീടം നേടിയത്.