ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർലീഗ് ഫുട്ബാൾ ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് തങ്ങളുടെ മുൻതാരം ഒലേ ഗുണാർ സോൾഷ്യർക്ക് സ്ഥിരം കരാർ നൽകി. മൂന്ന് വർഷത്തേക്കാണ് കരാർ.
കഴിഞ്ഞ ഡിസംബറിൽ ഹൊസെ മൗറീന്യോയെ പുറത്താക്കിയ ശേഷമാണ് മാഞ്ചസ്റ്റർ സോൾഷ്യർക്ക് താല്ക്കാലിക ചുമതല നൽകിയത്. അതിനുശേഷം 19 മത്സരങ്ങളിൽ ക്ളബിന്റെ കോച്ചായ സോൾഷ്യർ 14 വിജയങ്ങൾ നേടിക്കൊടുത്തു. യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ ഫ്രഞ്ച ക്ളബ് പാരീസ് സെന്റ് ജർമ്മയ്നെതിരെ നാടകീയ വിജയം നേടി ക്വാർട്ടറിലെത്തിയതായിരുന്നു ഇതിൽ ഏറെ പ്രധാനം.
പ്രിമിയർലീഗിൽ കളിച്ച 13 മത്സരങ്ങളിൽ 10 വിജയങ്ങൾ നേടാനായി എന്നതിനു പുറമേ ടീമിലെ മുൻനിര താരങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കാനും സോൾഷ്യർക്ക് കഴിഞ്ഞു. ഇപ്പോൾ പ്രിമിയർലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ക്ളബിന്റെ സ്ഥിരം കോച്ചായി മാറാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്ന് സോൾഷ്യർ പറഞ്ഞു.