തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ ചാമ്പ്യൻ പട്ടത്തിനായുള്ള പോരാട്ടം മുറുകുന്നു. രണ്ടാം ദിനം മുമ്പിലായിരുന്ന വിമൻസ് കോളേജിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഇന്നലെ യൂണിവേഴ്സിറ്റി കോളേജ് ഒന്നാമതെത്തി. മൂന്നാം ദിനത്തിൽ 50 ഇനങ്ങൾ പൂർത്തിയായപ്പോൾ 75 പോയിന്റുമായി യൂണിവേഴ്സിറ്റി കോളേജ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 63 പോയിന്റുമായി നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജും 58 പോയിന്റുമായി വഴുതക്കാട് വിമൻസ് കോളജും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
രചനാ മത്സരങ്ങളിൽ പോയിന്റുകൾ വാരിക്കൂട്ടിയാണ് യൂണിവേഴ്സിറ്റി കോളേജിന്റെ തേരോട്ടം. നൃത്തമത്സരയിനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ചാണ് മാർ ഇവാനിയോസിന്റെ മുന്നേറ്റം. 39 പോയിന്റാണ് രചനാ വിഭാഗത്തിൽ യൂണിവേഴ്‌സിറ്റി കോളജ് സ്വന്തമാക്കിയത്. 23 പോയിന്റുകൾ സ്വന്തമാക്കിയ ഗവൺമെന്റ് ലോ കോളേജ് രണ്ടാം സ്ഥാനത്തും 21 പോയിന്റുമായി ചെമ്പഴന്തി എസ്.എൻ കോളജ് മൂന്നാം സ്ഥാനത്തുമെത്തി.
നൃത്തയിന മത്സരങ്ങളിൽ വിമൻസ് കോളേജ് തന്നെയാണ് ആദ്യ ദിനം മുതൽ ഒന്നാം സ്ഥാനത്ത്. മൂന്നാം ദിവസവും 14 പോയിന്റുമായി വിമൻസ് കോളജ് ഈ വിഭാഗത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 പോയിന്റു നേടിയ മാർ ഇവാനിയോസ് കോളേജ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നു. 10 പോയിന്റുമായി ആൾ സെയിന്റ്സ് കോളജാണ് മൂന്നാം സ്ഥാനത്ത്.
സംഗീത മത്സരങ്ങളിൽ 46 പോയിന്റുമായി സ്വാതി തിരുനാൾ സംഗീത കോളേജാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 33 പോയിന്റുമായി വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജും 25 പോയിന്റുമായി മാർ ഇവാനിയോസ് കോളേജും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
തിയേറ്റർ വിഭാഗം മത്സരങ്ങളിൽ യൂണിവേഴ്സിറ്റി കോളേജാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്റ് സ്വന്തമാക്കിയാണ് കോളേജ് ഒന്നാമതെത്തിയത്. 11 പോയിന്റുമായി വഴുതക്കാട് ഗവ. വിമൻസ് കോളേജാണ് രണ്ടാം സ്ഥാനത്ത്. എട്ടു പോയിന്റുമായി മാർ ഇവാനിയോസും ഈ വിഭാഗത്തിൽ മികച്ച മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മത്സരങ്ങളെല്ലാം ഇന്ന് അവസാനിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.