കോട്ടയം: കെ.എം. മാണി ഇത്തവണ പ്രചാരണത്തിനുണ്ടാകുമോ? യു.ഡി.എഫിനെ വലയ്‌ക്കുന്ന ചോദ്യമാണിത്. കടുത്ത അനാരോഗ്യം കാരണം പൂർണ വിശ്രമത്തിലാണ് മാണി. 16 തവണ ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും പ്രചാരണനിരയുടെ നെടുംതൂണായിരുന്നു പാർട്ടി ലീഡർ.
ശ്വാസകോശ അണുബാധ കാരണം ആശുപത്രിയിലായിരുന്ന മാണി ഇപ്പോൾ വീട്ടിലുണ്ട്. മാണി പ്രചാരണരംഗത്തില്ലാത്ത ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പാർട്ടി പ്രവർത്തകർക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. എത്ര വയ്യെങ്കിലും വീട്ടിൽ ചടഞ്ഞിരിക്കാൻ മാണിസാറിനു പറ്റില്ല. അദ്ദേഹം വരും; വരാതിരിക്കില്ല. അതാണ് അണികളുടെ വിശ്വാസം.
എന്ത് ആരോഗ്യ പ്രശ്നമുണ്ടെങ്കിലും മൈക്കിനു മുന്നിൽ നിറുത്തിയാൽ മാണി പൂർണ ആരോഗ്യവാനായി മാറും. എതിരാളികളുടെ വാദമുഖങ്ങളെ കരകരപ്പാർന്ന ശബ്ദത്തിൽ നിലംപരിശാക്കും. യു.ഡി.എഫിലെ കിംഗ് മേക്കർ ആയ മാണി പ്രചാരണത്തിനില്ലെങ്കിൽ മദ്ധ്യകേരളത്തിൽ യു.ഡിഎഫിന് കനത്ത പ്രഹരമാകുമെന്ന് തീർച്ച. കോട്ടയത്ത് പി.ജെ. ജോസഫിനെ വെട്ടിമാറ്റി പകരം സീറ്റു നൽകിയ തോമസ് ചാഴികാടനെ, കോൺഗ്രസ്, ജോസഫ് വിഭാഗങ്ങളുടെ പാരകൾ മറികടന്ന് വലിയ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചെടുക്കേണ്ടത് മാണിയുടെ പ്രസ്റ്റീജ് പ്രശ്‌നമാണ്.
വീട്ടിലെ വിശ്രമത്തിനിടയിലും ഓരോ ദിവസത്തെയും പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി വീഴ്ചകൾ പരിഹരിക്കാൻ സ്ഥാനാർത്ഥിക്ക് മാണി മാർഗനിർദ്ദേശങ്ങൾ നൽകുന്നു. ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ കോട്ടയത്തെ കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് യു.ഡിഎഫ് പ്രചാരണം കൂടുതൽ ശക്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് മകൻ ജോസ് കെ മാണി പറഞ്ഞു.
ശ്വാസം മുട്ടലുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇൻഫെക്ഷൻ സാദ്ധ്യത വർദ്ധിപ്പിക്കും. കടുത്ത ചൂടും പൊടിയും കാരണം അദ്ദേഹം പ്രചാരണത്തിനിറങ്ങുമോ, പൊതു യോഗങ്ങളിൽ സംസാരിക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല . ആരോഗ്യം കുറേക്കൂടി മെച്ചപ്പെട്ടാൽ രണ്ടാഴ്‌ചയ്‌ക്കകം പുറത്തിറങ്ങാൻ കഴിഞ്ഞേക്കും.