തൊടുപുഴ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച ഏഴ് വയസുകാരന് ക്രൂരമർദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവർ താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് മാതാവും കൂടെ താമസിക്കുന്ന യുവാവും ചേർന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കട്ടിലിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റെന്നായിരുന്നു മാതാവും യുവാവും ആശുപത്രി അധികൃതരോട് പറഞ്ഞത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയ്ക്ക് മാത്രമല്ല ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും പരിക്കേറ്റതായി മനസിലായി. തുടർന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായ മർദ്ദനത്തിനിരയായിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെയും ശിശു ക്ഷേമ സമിതിയെയും വിവരമറിയിച്ചു. തുടർന്ന് ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചു. ഇളയ മകനെ അയൽപക്കത്തെ വീട്ടിലാക്കിയിട്ടാണ് മാതാവും സുഹൃത്തും ആശുപത്രിയിൽ പോയത്.
നാലു വയസുകാരനായ ഈ കുട്ടിയുടെ ശരീരത്തും മർദനത്തിന്റെ പാടുകൾ കണ്ടതിനെ തുടർന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇളയ കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ ജ്യേഷ്ഠന് മർദ്ദനമേറ്റെന്ന് പറഞ്ഞതായി ശിശുക്ഷേമ സമിതി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിൻ പറഞ്ഞു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമത്തിനും കേസെടുക്കാൻ ശിശുക്ഷേമ സമിതി പൊലീസിന് നിർദ്ദേശം നൽകി.