cristiano-ronaldo-injury
cristiano ronaldo injury

ടൂറിൻ : ഏപ്രിൽ 10 ആ ദിവസത്തിനായി കരുതിയിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് യുവന്റസിന്റെ ആരാധകർ. അന്നാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവന്റസും അയാക്സും തമ്മിലുള്ള ആദ്യ പാദ ക്വാർട്ടർ ഫൈനൽ. ഈ മത്സരത്തിന് ആവേശത്തോടെ കാത്തിരുന്ന യുവന്റസ് ആരാധകരെത്തേടി കഴിഞ്ഞ ദിവസമൊരു ദുഃഖവാർത്തയെത്തി. പോർച്ചുഗലും സെർബിയയും തമ്മിലുള്ള യൂറോ കപ്പ് യോഗ്യത മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റു. മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റ ക്രിസ്റ്റ്യാനോ പിൻവലിക്കേണ്ടിയും വന്നു.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ കളിച്ച 34കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇത്തവണ പൊന്നുംവിലകൊടുത്ത് യുവന്റസ് റാഞ്ചിക്കൊണ്ടു വന്നത് തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടായിരുന്നു. അത്ടലറ്റിക്കോ മാഡ്രിഡിനെതിരായ പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ തോറ്റിട്ടും രണ്ടാം പാദത്തിലെ ഹാട്രിക്കിലൂടെ യുവന്റസിനെ ക്വാർട്ടറിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിലയറിയിക്കുകയും ചെയ്തു.

അതിനു പിന്നാലെയാണ് പരിക്കിന്റെ വാർത്ത വരുന്നത്. ക്രിസ്റ്റ്യാനോ ഇന്നലെ ടൂറിനിൽ യുവന്റസിന്റെ ക്യാമ്പിലെത്തി അടിയന്തര പരിശോധനകൾക്ക് വിധേയനായി. ഏപ്രിൽ 10ലെ ആദ്യപാദ മത്സരത്തിൽ താരത്തെ കളിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇനിയും വൈദ്യസംഘം മറുപടി നൽകിയിട്ടില്ല. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ചവരാണ് അയാക്സ് എന്നതും യുവന്റസിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്.