തിരുവനന്തപുരം : ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സി.പി.ഐ ദേശീയനേതാക്കൾ കേരളത്തിലെത്തുന്നു. ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി ഏപ്രിൽ 9 മുതൽ 11 വരെ ആറ് കേന്ദ്രങ്ങളിൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്കായി നേതൃത്വം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് മണ്ഡലത്തിൽ സി.പി.ഐയുടെ സ്ഥാനാർത്ഥി പി.പി. സുനീറിന്റെ പ്രചാരണയോഗത്തിൽ സുധാകർ റെഡ്ഢി പങ്കെടുക്കും. വയനാട് മണ്ഡലത്തിൽ പെട്ട ഏറനാട് 10ന് വൈകിട്ട് 5നാണ് യോഗം.ദേശീയ സെക്രട്ടേറിയറ്റംഗം ഡി. രാജ ഏപ്രിൽ 3നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ മാസം 31നും വയനാട് പ്രസംഗിക്കുന്നുണ്ട്. രാജ 3 മുതൽ 5 വരെയും 16 മുതൽ 18വരെയുമായാണ് കേരളത്തിൽ പര്യടനത്തിനെത്തുന്നത്.
ദേശീയ സെക്രട്ടേറിയറ്റംഗം അമർജിത് കൗർ ഏപ്രിൽ 6 മുതൽ 9 വരെയും കാനം രാജേന്ദ്രൻ ഈ മാസം 31 മുതൽ ഏപ്രിൽ 20 വരെയും ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി ഏപ്രിൽ 6 മുതൽ 20 വരെയും പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഏപ്രിൽ 2 മുതൽ 20 വരെയും ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ ഇന്ന് മുതൽ ഏപ്രിൽ 20 വരെയും വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.