ipl-mumbai-vs-banglore
ipl mumbai vs banglore

ബാംഗ്ളൂർ : മുംബയ് ഇന്ത്യൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന് ജയിക്കാൻ വേണ്ടത് 188 റൺസ്. ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് 8 വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്.

ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്ടൻ വിരാട് കൊഹ്‌ലി മുംബയ് ഇന്ത്യൻസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ക്വിന്റൺ ഡികോക്കും (23), നായകൻ രോഹിത് ശർമ്മയും (48) ചേർന്ന് മികച്ച തുടക്കമാണ് മുംബയ്ക്ക് നൽകിയത്. ഇവർ 39 പന്തുകളിൽ നിന്ന് 54 റൺസ് കൂട്ടിച്ചേർത്തശേഷമാണ് പിരിഞ്ഞത്.

2 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സും പറത്തിയ ഡികോക്കിനെ ബൗൾഡാക്കി യുസ്‌വേന്ദ്ര ചഹലാണ് ബാംഗ്ളൂരിന് ആദ്യ ബ്രേക്ക് നൽകിയത്. എന്നാൽ, തുടർന്നിറങ്ങിയ സൂര്യകുമാർ യാദവ് (38) ക്യാപ്ടന് ഉറച്ച പിന്തുണ നൽകിയതോടെ മുംബയ് പതറായെ മുന്നോട്ടു നീങ്ങി. 11-ാം ഓവറിലാണ് രോഹിതിനെ നഷ്ടമായത്. 33 പന്തുകളിൽ എട്ട് ഫോറും ഒരു സിക്സുമടിച്ച മുംബയ് ക്യാപ്ടൻ ഉമേഷ് യാദവിന്റെ പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

തുടർന്നിറങ്ങിയ യുവ്‌രാജ് നേരിട്ട 12 പന്തുകളിൽ മൂന്ന് സിക്സുകൾ ഉൾപ്പെടെ നേടിയത് 23 റൺസാണ്. എന്നാൽ,ചഹലിന്റെ ബൗളിംഗ് 14-ാം ഓവറിൽ യുവ്‌രാജിനും 16-ാം ഓവറിൽ സൂര്യകുമാറിനും മടക്ക ടിക്കറ്റ് നൽകി. യുവ്‌രാജ് സിറാജിന് ക്യാച്ച് നൽകിയപ്പോൾ സൂര്യകുമാർ മൊയീൻ അലിക്കാണ് ക്യാച്ച് നൽകിയത്. 24 പന്തുകളിൽ നാല് ഫോറും ഒരു സികസും പറത്തിയ സൂര്യകുമാർ പുറത്തായതോടെ മുംബയ് 142/4 എന്ന നിലയിലായി. തുടർന്നിറങ്ങിയ ഹാർദിക്ക് പാണ്ഡ്യ 14 പന്തുകളിൽ രണ്ടുഫോറും മൂന്ന് സിക്സുമടക്കം 32 റൺ9സടിച്ചതാണ് 187ലെത്താൻ കാരണമായത്.

തുടർന്ന് കെയ്റോൺ പൊള്ളാഡ് (5), ക്രുനാൽ പാണ്ഡ്യ (1), മക്‌ക്ളെനാഗൻ (1) എന്നിവരെ മുംബയ്ക്ക് വേഗത്തിൽ നഷ്ടമായി. പൊള്ളാഡിനെ ചഹൽ മടക്കിയപ്പോൾ ക്രുനാലിനെ ഉമേഷും മക്‌ക്ളെനാഗനെ സിറാജുമാണ് മടക്കി അയച്ചത്. നാലോവറിൽ 38 റൺസ് വഴങ്ങിയാണ് ചഹൽ നാല് വിക്കറ്റ വീഴ്ത്തിയത്.