namo-kerala-

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തനംതിട്ടയിൽ മൂന്നു മുന്നണികളുടെയും ദേശീയ നേതാക്കളെത്തും. മണ്ഡലത്തിൽ വിജയസാദ്ധ്യത കാണുന്ന ബി.ജെ.പി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിച്ച് അന്തരീക്ഷം അനുകൂലമാക്കാനാണ് ശ്രമം. എൽ.ഡി.എഫിനു വേണ്ടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെത്തും. എന്നാൽ, യു.ഡി.എഫിനു വേണ്ടിയെത്തുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ആരെന്നറിയാൻ രണ്ടു ദിവസം കൂടി കാത്തിരിക്കണം. രാഹുൽ ഗാന്ധിയോ പ്രിയങ്കയോ എത്തുമെന്നാണ് അറിയുന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുളള ദിവസങ്ങളിൽ മോദി തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വരുമെന്നാണ് സൂചന. അതിന് മുമ്പായി ബി.ജെ.പി ദേശീയ നേതാക്കൾ പത്തനംതിട്ടയിൽ പ്രസംഗിക്കുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

വീണാജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ ഒന്നു മുതൽ 16 വരെയാണ് സി.പി.എം നേതാക്കളുടെ സന്ദർശനം. ഒന്നിന് വൈകിട്ട് നാലിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പത്തനംതിട്ടയിൽ പ്രസംഗിക്കും. രണ്ടിന് വൈകിട്ട് നാലിന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി മലയാലപ്പുഴയിൽ. നാലിന് കോടിയേരി ബാലകൃഷ്ണൻ കാഞ്ഞിരപ്പള്ളിയിലും മല്ലപ്പള്ളിയിലുമെത്തും. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ റാന്നിയിൽ സംസാരിക്കും. എട്ടിനും ഒൻപതിനും വി.എസ്. അച്യുതാനന്ദൻ തിരുവല്ലയിലും പന്തളത്തും എത്തും. 13ന് മുഖ്യമന്ത്രി പിണറായി വിജയൻ അടൂർ, കോന്നി എന്നിവിടങ്ങളിൽ പ്രസംഗിക്കും. 16ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുന്നന്താനം, കറുകച്ചാൽ എന്നിവിടങ്ങളിൽ സംസാരിക്കും. അന്ന് സുഭാഷിണി അലി കോഴഞ്ചേരിയിൽ എത്തും. ഇതിനൊപ്പം സി.പി.എെ ദേശീയ നേതാക്കളുമെത്തും.