election

തിരുവനന്തപുരം: സെക്രട്ടേറിയറ്രിൽ ഒരു ഭരണകക്ഷി യൂണിയൻ, ജീവനക്കാരിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനായി പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനെന്ന പേരിലാണ് പണപ്പിരിവ്. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്ര് അസോസിയേഷൻ ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. ആയിരം രൂപയും അതിൽകൂടുതലും ജീവനക്കാരിൽ നിന് നിർബന്ധിച്ച് പിരിക്കുന്നതായാണ് ആരോപണം.

സെക്രട്ടേറിയറ്രിൽ കൂടാതെ ഐ.എം.ജിയിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടുണ്ട്. പണം വാങ്ങുന്നുണ്ടെങ്കിലും രസീത് നൽകുന്നില്ല. പകരം പിരിവുകാരുടെ കൈയിലുള്ള നോട്ടുബുക്കിൽ പണം നൽകുന്നവരുടെ പേരെഴുതുകയാണ് ചെയ്യുന്നതെന്ന് സെക്രട്ടേറിയറ്ര് അസോസിയേഷൻ നേതാവ് ശ്രീകുമാർ പറഞ്ഞു. രസീത് നൽകാത്തതിനാൽ തെളിവില്ലാതെ നടപടിയെടുക്കാൻ കഴിയില്ലെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.