crime

തിരുവനന്തപുരം: തൊടുപുഴയിൽ യുവാവ് മർദിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്.

ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടിയെ മർദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏഴ് വയസുകാരന് ക്രൂരമർദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവർ താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് മാതാവും കൂടെ താമസിക്കുന്ന യുവാവും ചേർന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ക്രൂരമായ മർദ്ദനത്തിനിരയായിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെയും ശിശു ക്ഷേമ സമിതിയെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചു.