തിരുവനന്തപുരം: സ്വകാര്യ ക്ഷേത്ര പൂജാരിമാരുടെ നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്ര് ആവശ്യപ്പെട്ടു. വൈദിക മേഖലയിലെ വിവിധ വിഷയങ്ങൾ ട്രസ്റ്ര് ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിൽ ദേവസ്വം ബോർഡിന്റെ കീഴിൽപ്പെടാത്ത ആയിരക്കണക്കിന് സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന പൂജാരിമാർക്കും ഇതര ക്ഷേത്ര ജീവനക്കാർക്കും തൊഴിൽ നിയമം ബാധകമായിട്ടില്ല. തൊഴിൽ സ്ഥിരതയോ തൊഴിൽ സുരക്ഷയോ അവർക്കില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജീവിത സുരക്ഷ ഉറപ്പുവരുത്തി മിനിമം വേതനം ഉറപ്പാക്കണമെന്നും ക്ഷേമനിധി, പി.എഫ്, ഇ.എസ്.ഐ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ശിവഗിരിമഠം തന്ത്രിയും വൈദിക സംഘം ആചാര്യനുമായ സുഗതൻ തന്ത്രി, വൈദിക സംഘം ട്രസ്റ്റ് പ്രസിഡന്റ് ടി.ആർ. മനോജ് തന്ത്രി, ജനറൽ സെക്രട്ടറി അരുവിപ്പുറം അശോകൻ തന്ത്രി, ഖജാൻജി സി.എൻ. ജയപ്രകാശ് എന്നിവർ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി.