ഏതാനും ആഴ്ച മുൻപ് ശാരദാ ചിട്ടിതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടയാൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ അരങ്ങേറിയ തെരുവു നാടകത്തിനു സമാനമായി ബംഗളൂരു നഗരത്തിലും വ്യാഴാഴ്ച അത്തരത്തിലൊരു നാടകം നടന്നു. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജനതാദൾ (എസ് ) - കോൺഗ്രസ് നേതാക്കളാണ് അവിടെ അണിനിരന്നത്. നഗരത്തിൽ രണ്ടുദിവസമായി നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും നഗരത്തിലെ ആദായ നികുതി ഓഫീസ് ഉപരോധിച്ചത്. ബംഗളൂരു - മൈസൂരു റോഡിലും ദൾ പ്രവർത്തകർ ഉപരോധം തീർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് മൂർദ്ധന്യത്തിലെത്തി നിൽക്കെ ദൾ - കോൺഗ്രസ് കൂട്ടുകക്ഷി ഭരണം നിലനില്ക്കുന്ന കർണാടകയിൽ കേന്ദ്രം മനഃപൂർവം ആദായനികുതി വകുപ്പുകാരെ വിട്ട് തങ്ങളെ വേട്ടയാടുകയാണെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും ആരോപണം. ഒരു രാഷ്ട്രീയ നേതാവിന്റെയും വസതിയോ ഓഫീസോ തങ്ങളുടെ പരിശോധനയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നു എന്ന് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ചില മന്ത്രിമാരുമായി അടുത്ത ബന്ധമുള്ളവരുടെ വസതികളിലാണ് പരിശോധന നടന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. പരിശോധന നടന്ന ഇടങ്ങളിൽ നിന്ന് രണ്ടുകോടി രൂപയുടെ കറൻസിയും ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണവും പിടിച്ചെടുത്തിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് അനധികൃതമായി പണം സൂക്ഷിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അതുകൊണ്ട് തന്നെ ആദായ നികുതി വകുപ്പിന്റെ നടപടിയെ പൂർണമായും രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല. പ്രത്യേകിച്ചും ഒട്ടേറെ കള്ളപ്പണം കണ്ടെടുത്ത സ്ഥിതിക്ക്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഒഴുകുന്ന തിരഞ്ഞെടുപ്പ് വേളയിൽ രാജ്യത്ത് എവിടെയും ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള പണം കണ്ടെത്താൻ വിഷമമൊന്നുമില്ല.
സംസ്ഥാന ചെറുകിട ജലസേചന മന്ത്രി പുട്ടരാജു ഉൾപ്പെടെയുള്ള ദൾ നേതാക്കളുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥരുടെയും ബിസിനസുകാരുടെയും വസതികളാണ് ആദായ നികുതിക്കാർ പരിശോധിച്ചത്. കർണാടക പൊലീസിന്റെ സഹായം ഒഴിവാക്കി കേന്ദ്രസേനയുടെ അകമ്പടിയോടെ നടന്ന പരിശോധനകൾ സംസ്ഥാന ഭരണാധികാരികളെ ചൊടിപ്പിച്ചതിൽ അതിശയമൊന്നുമില്ല. മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്. ഡി. രേവണ്ണയുടെ അടുപ്പക്കാരായ പലരുടെയും വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു. കള്ളപ്പണം ധാരാളമായി വരാനുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരുടെ വസതികളാണ് ആദായ നികുതിക്കാർ നോട്ടമിട്ടതെന്നത് യാദൃച്ഛികമാകാനിടയില്ല. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കു വേണ്ടി ഫണ്ട് പിരിവിന്റെ ചുമതല കൂടുതലായും വന്നുചേരുന്നത് ഇത്തരം വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരിലാകുമല്ലോ.
കള്ളപ്പണം തേടി ആദായ നികുതി വകുപ്പുകാർ റെയ്ഡ് നടത്തുന്നത് സ്വാഭാവിക പ്രക്രിയയായി മാത്രം കാണുന്നതാണ് യുക്തിയെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അതു നടക്കുമ്പോൾ ഒരു രാഷ്ട്രീയ മാനം കൂടിയുണ്ടതിന്. അതേസമയം തന്നെ റെയ്ഡിനെതിരെ സംസ്ഥാന മുഖ്യമന്ത്രി സഹപ്രവർത്തകരെയും കൂട്ടി തെരുവിലിറങ്ങി ഉപരോധസമരം സംഘടിപ്പിക്കുന്നത് വളരെ തരംതാഴ്ന്ന നടപടിയാണ്. റെയ്ഡിൽ കള്ളപ്പണം പിടിക്കാതിരുന്നുവെങ്കിൽ രാഷ്ട്രീയ പ്രതികാരം നിറഞ്ഞ റെയ്ഡ് പ്രഹസനമെന്ന് കുറ്റപ്പെടുത്തി അനുകൂല ജനവികാരം സൃഷ്ടിക്കാമായിരുന്നു. എന്നാൽ ഇവിടെ മറിച്ചാണ് സംഭവിച്ചത്. തങ്ങൾക്ക് അസ്വീകാര്യമായ നടപടി ഉണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയം കാണാനുള്ള പ്രവണത ദേശീയതലത്തിൽത്തന്നെ വർദ്ധിച്ചുവരികയാണ്. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലെ ശൈഥില്യം നാൾക്കുനാൾ വളരുകയാണ്. ആദായ നികുതി റെയ്ഡിനെതിരെ ഒരു മുഖ്യമന്ത്രി തന്നെ നേരിട്ട് സമരം നയിക്കാനിറങ്ങുന്നതിലെ ഔചിത്യമില്ലായ്മ തിരിച്ചറിയപ്പെടുന്നില്ല. അതും രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാകുകയാണ്. ആഴ്ചകൾക്കു മുൻപ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സംരക്ഷണം ഒരുക്കിയ കൊൽക്കത്ത പൊലീസ് കമ്മിഷണറുടെ നടപടിയെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ ശ്രദ്ധയോടെ വായിക്കേണ്ടതാണ്. അനിഷ്ടകരമായ നടപടി ഉണ്ടാകുമ്പോൾ അത് രാഷ്ട്രീയ പകപോക്കലാണെന്നു വിമർശിക്കുന്നതിൽ അർത്ഥമില്ല. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനായി കൊണ്ടുപോകുന്ന വലിയ തുക പലേടത്തുനിന്നും പിടികൂടാറുണ്ട്.
പണത്തിനു പകരം വോട്ട് എന്ന മുദ്രാവാക്യത്തിന് കവിഞ്ഞ തോതിൽ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ സമ്പന്നന്മാരായ പല സ്ഥാനാർത്ഥികളും വെള്ളം പോലെ പണം ഒഴുക്കിയാണ് തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതെന്നത് രഹസ്യമൊന്നുമല്ല. ഒരു ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിനു മുടക്കാവുന്ന പണത്തിന് എഴുപതു ലക്ഷം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിനകത്ത് ചെലവ് ഒതുക്കുന്ന എത്രപേർ കാണും? തിരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചകളിൽ ആദ്യം ഇടം പിടിക്കേണ്ടത് പണത്തിന്റെ ദുഃസ്വാധീനം ഇല്ലാതാക്കുകയെന്നതിനായിരിക്കണം. നിർഭാഗ്യവശാൽ ഒരു കക്ഷിക്കും ഇതിനോട് താത്പര്യമില്ല.