സെറിഫെഡിന്റെ പദ്ധതിക്ക് കേന്ദ്രാനുമതി
തിരുവനന്തപുരം : കേന്ദ്രാനുമതി ലഭിച്ചിട്ടും കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സെക്രട്ടേറിയറ്റിലെ എെ.എ.എസ് ലോബി ചവിട്ടിപ്പിടിച്ച് വച്ചിരുന്ന പട്ട് വസ്ത്ര നിർമ്മാണത്തിനുള്ള സെറിഫെഡിന്റെ വൻ പദ്ധതിക്ക് വീണ്ടും കേന്ദ്രം അനുമതി നൽകിയതോടെ ശാപമോക്ഷമാകുന്നു. നിശ്ചലാവസ്ഥയിലായ പദ്ധതിയുടെ പുതിയ രൂപരേഖയ്ക്കാണ് വീണ്ടും കേന്ദ്രം അനുമതി നൽകിയത്. 86 ശതമാനം തുകയും കേന്ദ്രം മുടക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തിന്റെ വിഹിതം തടഞ്ഞുവച്ചാണ് വ്യവസായ വകുപ്പിലെ അന്നത്തെ സെക്രട്ടറി പോൾ ആന്റണി ഇൗ പദ്ധതി തുലച്ചത്. ഇതിനെതിരെ ഉള്ള കേസിൽ ഹെെക്കോടതിയുടെ അതിശക്തമായ ഇടപെടലാണ് പദ്ധതി പുനരുജ്ജീവിക്കാൻ വഴിയൊരുക്കിയത്. പോൾ ആന്റണിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും സംസ്ഥാനത്തിന്റെ ഈ വർഷത്തെ വിഹിതമായ 3.41 കോടി രൂപ മാർച്ച് 31 നകം അനുവദിച്ച് ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പ്രവർത്തനം തുടങ്ങാനും കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തടസങ്ങൾ നീങ്ങിയത്. പദ്ധതിക്ക് സംസ്ഥാന വിഹിതം മുടങ്ങുന്നതിനെതിരെ സെറിഫെഡ് സമർപ്പിച്ച ഹർജിയിൽ ആറ് മാസത്തിനകം ധനസഹായം അനുവദിക്കാൻ ഹൈക്കോടതി ഒന്നര വർഷം മുമ്പും ഉത്തരവിട്ടിരുന്നതാണ്. ഇത് നടപ്പാക്കാത്തതാണ് കോടതി അലക്ഷ്യമായി കണക്കാക്കിയത്. കോടതി അലക്ഷ്യത്തിന് എന്ത് നടപടി സ്വീകരിക്കണമെന്നത് സിംഗിൾ ബെഞ്ച് ജഡ്ജി ചീഫ് ജസ്റ്റിസിന് റഫർ ചെയ്തിരിക്കുകയാണ്. വെക്കേഷൻ കഴിഞ്ഞാവും അത് പരിഗണിക്കുക.
ഇതാണ് പദ്ധതി
മൾബറി കൃഷി വ്യാപനത്തിലൂടെ വൻതോതിൽ പട്ടുനൂൽ പുഴുക്കളെ ഉത്പാദിപ്പിച്ചും കൈത്തറി ശാലകളിൽ മുന്തിയതരം പട്ട് വസ്ത്രങ്ങൾ നിർമ്മിച്ചും കേരളത്തെ പട്ടിന്റെ പറുദീസയാക്കാനുള്ളതാണ് സെറിഫെഡിന്റെ പദ്ധതി. ടെക്സ്റ്റൈൽ രംഗത്തെ പ്രമുഖ സാങ്കേതിക ഏജൻസിയായ തിരുവനന്തപുരത്തെ ടിപ്കോ തയ്യാറാക്കിയതാണ് പദ്ധതി.
കഴിഞ്ഞ മാസം ഡൽഹിയിൽ ടെക്സ്റ്റൈൽസ് മന്ത്രാലയം സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സെറിഫെഡ് വൈസ് ചെയർമാൻ എസ്. മോഹനൻ അവതരിപ്പിച്ച ഇൗ
രൂപരേഖയ്ക്ക് കേന്ദ്ര ടെക്സ്‌റ്റൈൽസ് മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയായിരുന്നു.
മൾബറി കൃഷി, കൊക്കൂൺ ഉത്പാദനം, പട്ട് നൂൽ ശേഖരണം, വസ്ത്രം നെയ്ത്ത്, വിപണനം തുടങ്ങിയ മേഖലകളിലായി പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാവും. പ്രതിവർഷം 4000 കോടി രൂപയുടെ പട്ട് വസ്ത്രം നിർമ്മിക്കുകയാണ് ലക്ഷ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധന സഹായത്തോടെ ജൂൺ മുതൽ മൂന്ന് ഘട്ടമായി പതിമ്മൂന്ന് വർഷം കൊണ്ട് നടപ്പാക്കും.
പ്രവർത്തനം
സെറിഫെഡിന് കീഴിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിച്ച് മൾബറി ചെടിയും പമ്പ് സെറ്റും കൃഷി ഉപകരണങ്ങളും സൗജന്യ നിരക്കിൽ നൽകും
കൊക്കൂണുകൾ ശേഖരിച്ച് പട്ടുനൂലാക്കിയും ഇരുപതിനായിരം കൈത്തറികൾ സബ്സിഡി നിരക്കിലും സെറിഫെഡ് നൽകും
എന്തുകൊണ്ട് വലിച്ചിഴച്ചു?
സംസ്ഥാന സർക്കാരിന്റെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പ്രാഥമികാനുമതിയും 2015ൽ തന്നെ ലഭിച്ചിട്ടും പദ്ധതി വലിച്ചിഴച്ചതിന്റെ പിന്നിൽ വ്യാജപട്ട് ഇറക്കുമതി ചെയ്ത് കോടികൾ വാരുന്നവരുടെ കളിയാണെന്ന് ആരോപണമുണ്ട്. സെക്രട്ടേറിയറ്റിലെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യ പട്ട് ഇറക്കുമതി വ്യവസായത്തിൽ പങ്കാളിയാണ്. മാത്രമല്ല പട്ട് നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും പിന്നാക്കക്കാരുമാണ്. കേരളത്തിൽ നല്ലപട്ട് ഉത്പാദിപ്പിച്ചു തുടങ്ങിയാൽ കോടികൾ വാരുന്ന വ്യാജപട്ട് ഇറക്കുമതി ചെെനയിൽ നിന്നും മറ്റും നടത്തുന്നത് തടസപ്പെടുകയും ക്രമേണ ഇല്ലാതാവുകയും ചെയ്യും.
പട്ടു വസ്ത്ര നിർമ്മാണം
4000 കോടി രൂപയുടേത് പ്രതിവർഷ ലക്ഷ്യം
2500 കോടി രൂപയുടേത് കേരള വിപണിയിൽ
1500 കോടിയുടേത് വിദേശത്തേക്ക് കയറ്റുമതി