വാഷിംഗ്ടൺ: കൂട്ടുകാരിയെ പാലത്തിൽ നിന്ന് അറുപതടി താഴ്ചയിലേക്ക് തള്ളിയിട്ട പത്തൊമ്പതുകാരിക്ക് രണ്ടു ദിവസത്തെ തടവ്. ഇതിന് പുറമേ ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും നൽകണം. വാഷിംഗ്ടണിലെ ടെയ്ലർ സ്മിത്തിനാണ് ശിക്ഷ ലഭിച്ചത്. മോൾട്ടൗ ഫാൾസ് റീജണൽ പാർക്കിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ടെയ്ലർ കൂട്ടുകാരി ജോർദൻ ഹോൾഗേഴ്സണിനെ വെള്ളത്തിലേക്ക് തള്ളിയിട്ടത്.
തമാശയ്ക്കുവേണ്ടി ചെയ്തതാണെങ്കിലും സംഗതി പ്രശ്നമായി. വീഴ്ചയുടെ ആഘാതത്തിൽ ജോർദന്റെ വാരിയെല്ലുകൾ തകരുകയും ശ്വാസകോശത്തിന് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനൊപ്പം മാനസികമായി വലിയ ആഘാതമുണ്ടാവുകയും ചെയ്തു. ഏറെനാൾ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് ജോർദൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
മകളെ ടെയ്ലർ മനഃപൂർവം തള്ളിയിടുകയായിരുന്നു എന്നാണ് ജോർദന്റെ അമ്മ കോടതിയിൽ പറഞ്ഞത്. മകളെ ജീവനോടെ കിട്ടിയത് ഭാഗ്യംകൊണ്ട് മാത്രമാണെന്നും അവർ പറഞ്ഞു. അടുത്ത സുഹൃത്തായിരുന്നിട്ടും പരിക്കേറ്റുകിടക്കുന്ന ജോർദനെ കാണാൻ ആശുപത്രിയിലോ, വീട്ടിലോ ടെയ്ലർ എത്തിയിരുന്നില്ലെന്നും അഭിഭാഷകർ കോടതിയിൽ പറഞ്ഞു.
എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ ടെയ്ലർ കോടതിമുറിയിൽ വച്ച് ജോർദനോട് മാപ്പു ചോദിച്ചു. രണ്ടുവർഷത്തേക്ക് ജോർദനുമായി ഒരുതരത്തിലുള്ള അടുപ്പവും പാടില്ലെന്ന് ടെയ്ലർക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൗ കാലയളവിൽ മറ്റുപ്രശ്നങ്ങളിലൊന്നും ചെന്ന് ചാടുകയുമരുത്. നീന്തൽവസ്ത്രത്തിൽ നിൽക്കുന്ന ജോർദനെ തള്ളി താഴെയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.