തിരുവനന്തപുരം: നവോത്ഥാന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വന്ന മാറ്റങ്ങളെ അതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ നല്ലനിലയിൽ സം
രക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.പി.എം.എസ് 48-ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ ശക്തിപ്പെട്ട നവോത്ഥാന പ്രവർത്തനങ്ങളിലൂടെയും മഹാത്മാ അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്രയുടെയുമൊക്കെ ഫലമായാണ് നാട്ടിൽ മാറ്റങ്ങളുണ്ടായത്.സാധാരണ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്നതാണ് ചാന്നാർ ലഹള. എന്നാൽ നാം കൈവരിച്ച നേട്ടങ്ങൾക്കെതിരെ സമീപകാലത്ത് വളർന്നുവരുന്ന അസഹിഷ്ണുതകൾ മനസിലാക്കണം.നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനുള്ള പ്രവർത്തനങ്ങൾ അടിത്തട്ടിൽത്തന്നെ തുടങ്ങേണ്ടതുണ്ട്. മതനിരപേക്ഷത തകർക്കാനുള്ള ബോധപൂർവ്വമായ ചില ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു. ജാതീയ അതിക്രമങ്ങൾ അഴിച്ചുവിടുന്നു.
അയ്യൻകാളി ഉയർത്തിപ്പിടിച്ച നവോത്ഥാന സന്ദേശം മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് കെ.പി.എം.എസ്.നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാമതിലിന്റെ വിജയത്തിന് കെ.പി.എം.എസ് നൽകിയ പിന്തുണ അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നടപ്പാക്കിയിട്ടുള്ള മുന്നാക്ക സംവരണം ആശങ്കയുണ്ടാക്കുന്നതാണെന്ന് സ്വാഗതം പറഞ്ഞ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഇതിനെ നിയമപരമായി എങ്ങനെ നേരിടാമെന്ന് ആലോചിക്കും. കേന്ദ്ര സർവകലാശാലയിൽ ഗവേഷണ വിഷയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും പുന്നല പറഞ്ഞു.
കെ.പി.എം.എസ് പ്രസിഡന്റ് വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി രാജീവ് രചിച്ച 'ശബരിമലയും സ്ത്രീകളും' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ബിനോയ് വിശ്വം എം.പി, എം.എൽ.എ മാരായ വി.കെ.ഇബ്രാഹിം,എം.വിൻസെന്റ്, മേയർ വി.കെ.പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.സംഘാടക സമതി കൺവീനർ ജെ.എൽ.ബിനു നന്ദി പറഞ്ഞു.