പണം കൊണ്ടുവന്നത് തിരിച്ചി- നാഗർകോവിൽ ബസിൽ
കുഴിത്തുറ: തമിഴ്‌നാട് സർക്കാരിന്റെ കീഴിലുള്ള ബസിൽ നാഗർകോവിൽ വഴി വന്ന രണ്ടു പേരുടെ പക്കൽ നിന്ന് 52.50 ലക്ഷം രൂപ ഇലക്‌ഷൻ കമ്മിഷൻ സ്‌ക്വാഡ് പിടിച്ചെടുത്തു. മധുര ഇസ്മാൻപുരം സ്വദേശി കനകരാജു (53), ടിന്റുകൽ പുതുക്കൽ സ്വദേശി മുഹമ്മദ് ഹനൂഫ (41) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ ഡെപ്യൂട്ടി തഹസിൽദാർ സരസ്വതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിയിൽനിന്നു നാഗർകോവിലിൽ വന്ന ബസിൽ പരിശോധന നടത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതിനിടെയാണ് രണ്ടുപേരുടെ ഇടുപ്പിൽ പണം കണ്ടെത്തിയത്. ഇവരെ അഗസ്തീശ്വരം താലൂക്ക് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കനകരാജിൽ നിന്നു 22.5 ലക്ഷം രൂപയും മുഹമ്മദ് ഹനൂഫയിൽ നിന്നു 30 ലക്ഷവുമാണ് പിടിച്ചെടുത്തത്. ഇവരുടെ കൈയിൽ തെളിവില്ലാത്തതിനാൽ പണം ട്രഷറിയിൽ അടച്ചു. കോട്ടാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഒന്നേകാൽ കോടിയിലേറെ കള്ളപ്പണം സ്‌ക്വാഡ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ ഏപ്രിൽ 18ന് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കന്യാകുമാരി ജില്ലയിൽ മാത്രം 54 ഇലക്‌ഷൻ സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ 24 മണിക്കൂറും വാഹനപരിശോധന നടത്തിവരികയാണ്.