തിരുവനന്തപുരം: വാഹനപരിശോധനയ്‌ക്കിടെ പരിക്കേറ്റതിന് പിന്നാലെ പൂന്തുറ ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ. പൂന്തുറ ഗ്രേഡ് എസ്.ഐ ശൈലേന്ദ്ര പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. വാഹനപരിശോധനയ്ക്കിടെ പിടിയിലായ പ്രതിയെ മോചിപ്പിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ച സംഭവം മാദ്ധ്യമങ്ങൾക്ക് നൽകി പൊലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കി, അച്ചടക്കലംഘനം, സ്വഭാവദൂഷ്യം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ഗ്രേഡ് എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ 20നാണ് സസ്‌പെൻഷന് കാരണമായ സംഭവമുണ്ടായത്. വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ഇടിച്ചിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനിലെത്തിച്ചിരുന്നു. എന്നാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്‌റ്റേഷൻ ഉപരോധിച്ച് പ്രതിയെ മോചിപ്പിച്ചത് വിവാദമായിരുന്നു. വാഹനം അമിതവേഗതയിൽ എസ്.ഐയെ ഇടിച്ചിടുകയായിരുന്നു. പരിശോധനയിൽ ലൈസൻസ് ഇല്ലെന്നും വ്യക്തമായി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷന് പുറത്തെത്തി മുദ്രാവാക്യം വിളിച്ചത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ യുവാവിനെ വിട്ടയയ്‌ക്കുകയായിരുന്നു. പിന്നീട് എസ്.ഐ പരാതി പിൻവലിച്ചതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം. അപകടത്തിൽ പരിക്കേറ്റ ശൈലേന്ദ്ര പ്രസാദ് അവധിയിലാണ്. വിശദ അന്വേഷണത്തിനായി അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ സസ്‌പെൻഷൻ ഓർഡറിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഏഴ് ദിവസത്തിനുള്ളിൽ കുറ്റാരോപണ മെമ്മോയും 60 ദിവസത്തിനുള്ളിൽ പി.ആർ മിനിട്സും സമർപ്പിക്കണമെന്നും ഓർഡറിൽ പറയുന്നു.