വിദ്യാഭ്യാസയോഗ്യത കൂടുന്നതനുസരിച്ച് അറിവ് കൂടുമെന്നാണു പൊതുവേയുള്ള ധാരണ. ഇത് ശരിയായിരുന്നുവെങ്കിൽ മനുഷ്യർ തമ്മിലുള്ള വിവേചനങ്ങളെല്ലാം നന്നേ കുറയുമായിരുന്നു. പക്ഷേ വിദ്യാലയങ്ങൾ കൂടുകയും വിദ്യാഭ്യാസമുള്ളവർ ഏറുകയും ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യർക്കിടയിലുള്ള വിവേചനങ്ങൾക്ക് കാര്യമായ കുറവ് ഇനിയുമുണ്ടായിട്ടില്ലെന്നതാണു നേര്. ഇതിൽനിന്നും മനസിലാകുന്ന ഒരു കാര്യമുണ്ട്. വിദ്യാഭ്യാസയോഗ്യത കൊണ്ടുമാത്രം ഒരാളിന്റെ അറിവ് ഉയരുകയില്ല എന്നതാണത്. വിദ്യാഭ്യാസയോഗ്യത നല്കുന്നത് കേവലം വിഷയബോധമാണ്. വക്കീൽപരീക്ഷാ യോഗ്യതയുള്ള ഒരാളിനുള്ളത് നിയമബോധമാണ്, മെഡിക്കൽ ബിരുദമുള്ളയാളിനുള്ളത് രോഗനിർണയ-നിർമ്മാർജന ബോധമാണ്. എൻജിനീയറിംഗ് യോഗ്യത നൽകുന്നത് നിർമ്മാണബോധമാണ്. ഈ വിഷയബോധത്തിനെല്ലാമുപരി പ്രാഥമികമായി ഉണ്ടായിരിക്കേണ്ട പൊതുബോധമുണ്ട്. അത് സമതാബോധമാണ്.
പേരും പ്രതിഭയും കൊണ്ട് പലതായി പിരിഞ്ഞു നിൽക്കുന്ന എല്ലാ സൃഷ്ടിജാലങ്ങളും പ്രപഞ്ചകർത്താവായ ജഗദീശ്വരനു വേറുവേറായി ഇരിക്കുന്നില്ല. നിന്നിലും എന്നിലുമിരിക്കുന്ന ബോധം പലതാണെങ്കിലും ആ ബോധത്തെയെല്ലാം ജ്വലിപ്പിക്കുന്ന ഉറവിടം പലതായിരിക്കുന്നില്ല. മനുഷ്യർക്ക് അവരവരുടെ ഹൃദയങ്ങളുണ്ടെങ്കിലും അതിനെയെല്ലാം സ്പന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന ചൈതന്യം പലതായിരിക്കുന്നില്ല. സമസ്ത മനുഷ്യരുടെയും ഉള്ളിലോടുന്ന രക്തത്തിന്റെ നിറവും മണവും ചുവയും ധർമ്മവും പലതായിരിക്കുന്നില്ല. പലതായി കാണപ്പെടുന്നതിലെല്ലാം പലതായി ഇരിക്കാത്തത് യാതൊന്നാണോ അതേപ്പറ്റിയുള്ള അറിവാണ് യഥാർത്ഥ അറിവ്. ആ അറിവിനെ യഥാവിധി അറിയുന്നവരാണ് അറിവുള്ളവർ. ഈ അറിവ് വിദ്യാഭ്യാസയോഗ്യത കൊണ്ടുമാത്രം സിദ്ധമാവുകയില്ല. എന്തെന്നാൽ വിഷയജ്ഞാനം വൈവിദ്ധ്യങ്ങളുണ്ടാക്കുന്നതും വിവേചനങ്ങൾക്ക് കാരണമായിത്തീരുന്നതുമാണ്. യഥാർത്ഥജ്ഞാനം എല്ലാ വിവേചനങ്ങളെയും വൈവിദ്ധ്യങ്ങളെയും ഭസ്മീകരിക്കും. ഗുരുക്കന്മാർ നല്കുന്നത് വിഷയജ്ഞാനത്തിനുപരിയായ ഈ പരമാർത്ഥജ്ഞാനമാണ്. അത് സമ്പാദിക്കുമ്പോഴാണ് യേശുദേവൻ അരുളിയ സ്വർഗരാജ്യം ഭൂമിയിൽ യാഥാർത്ഥ്യമാകുന്നത്. ഗുരുദേവൻ അഭിലഷിച്ച എല്ലാവരും ആത്മസഹോദരരായി വാഴുന്ന, സോദരത്വേന വാഴുന്ന, മാതൃകാലോകം ലോകത്ത് യാഥാർത്ഥ്യമാകുന്നത്.
ഇന്ന് വിദ്യാഭ്യാസ യോഗ്യതകൾ നൽകുന്ന വിഷയജ്ഞാനം കൊണ്ട് എല്ലാം സമ്പാദിക്കാനാണു മനുഷ്യന്റെ ശ്രമം. ഇതാകട്ടെ മറ്റുള്ളവരെയെല്ലാം പിന്തള്ളി തനിക്കു മുന്നേറാനുള്ള പ്രേരണയായി കലാശിക്കുകയും എല്ലാവർക്കുമായി ദൈവം നീക്കിവച്ചതിനെ തനിക്കായി ഒതുക്കിവയ്ക്കാനുള്ള കൗശലത്തിനു ശക്തിയേറ്റുകയും ചെയ്യുന്നു. ഈ പ്രവണതയിൽ നിന്നാണ് ഭൂമിയിൽ നരകം പണിയപ്പെടുന്നത്. അതുകൊണ്ട് യഥാർത്ഥജ്ഞാനത്തിന്റെ വെളിവിൽ വിഷയജ്ഞാനത്തെ സമീകരിക്കാനുള്ള ബുദ്ധിയും വൈഭവവുമാണ് വിദ്യാഭ്യാസത്താൽ നേടേണ്ടത്. അപ്പോഴേ സർവരും സോദരത്വേന വാഴുന്ന ലോകം അഥവാ സ്വർഗം തീർക്കാനാവൂ. ഈവിധം ഞാൻ എല്ലാവരിലേക്കും എല്ലാവരും എന്നിലേക്കും ഒന്നിക്കുന്ന ദൈവഹിതമായ ഒരു ലോകത്താണു നമ്മൾക്കാകവേ സുഖമായി ആഴാനും വാഴാനും സാധ്യമാവുന്നത്.
ഒരിക്കൽ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരുവൻ നരകത്തെയും സ്വർഗത്തെയും കുറിച്ച് പ്രസംഗിക്കുന്നത് വിദ്യാഭ്യാസ യോഗ്യത സമ്പാദിച്ചിട്ടില്ലാത്ത ഒരു ഗുരു കേൾക്കാനിടയായി. പ്രസംഗം കേട്ട ഗുരു ഒടുവിൽ അയാളോടു ഒരു സംശയം ചോദിച്ചു.
'നിങ്ങൾ സ്വർഗവും നരകവും എങ്ങനെയാണുണ്ടാവുന്നതെന്നു കണ്ടിട്ടുണ്ടോ?'
ഉത്തരം പറയാനാവാതെ കുഴങ്ങിനിന്ന അയാളോട് ഗുരു പറഞ്ഞു. 'ബോധ്യം വന്നതേ പറയാവൂ. വരൂ. ഞാൻ നിങ്ങൾക്ക് സ്വർഗനരകങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്ന് കാണിച്ചുതരാം.'
അതുകേട്ട് പ്രസംഗകനും അവിടെ കൂടിയിരുന്ന ജനങ്ങളും ഗുരുവിനെ പിന്തുടർന്നു. അവർ ഒരു മാന്തോട്ടത്തിനു നടുവിലുള്ള പഴക്കമേറിയ ഒരു കെട്ടിടത്തിലെത്തിച്ചേർന്നു. ഇടതുഭാഗത്തുള്ള ഒരു ഹാളിൽ കുറെ മനുഷ്യർ അന്യോന്യം കലഹിച്ചും ശപിച്ചും നിരാശപ്പെട്ടും വിശന്നും കിടക്കുന്നുണ്ടായിരുന്നു. അവരുടെ കൈകളെല്ലാം ഓരോരോ കോലുകളിൽ കെട്ടിവയ്ക്കപ്പെട്ടിരുന്നതിനാൽ ആർക്കും തന്നെ സ്വന്തം കൈകൾ മടക്കാനാവുമായിരുന്നില്ല. ഹാളിന്റെ മധ്യത്തായി വലിയ പാത്രത്തിൽ നിറയെ മാമ്പഴം നുറുക്കി വച്ചിട്ടുണ്ടായിരുന്നു. അതിനു ചുറ്റിലുമായി ഒരു തീക്കുണ്ഠം എരിയുന്നുണ്ടായിരുന്നു. അതിനാൽ മാമ്പഴപാത്രത്തിനടുത്തേക്ക് ആർക്കും എത്താനും ആവുമായിരുന്നില്ല. ഒരു മാമ്പഴക്കഷ്ണം പോലും സ്വന്തമാക്കാനാതെ വിശന്നും അരിശം പൂണ്ടും മല്ലടിച്ചു നില്ക്കുന്ന അവരെ കണ്ടിട്ട് ഗുരു പറഞ്ഞു. 'ഇതാണ് നരകം. ഇതാകട്ടെ ഇവർ മാത്രം ഉണ്ടാക്കിയതാണ്.'
അതിനുശേഷം അതേ കെട്ടിടത്തിന്റെ വലതുഭാഗത്തുള്ള മറ്റൊരു ഹാളിലേക്ക് ഗുരു അവരെ കൂട്ടിക്കൊണ്ടുപോയി. അതിനുള്ളിലും കുറെ മനുഷ്യരുണ്ടായിരുന്നു. അവരുടെ കൈകളും ഓരോ കോലുകളിൽ ബന്ധിക്കപ്പെട്ടിരുന്നു. അവിടെയും മാമ്പഴപ്പാത്രവും ചുറ്റിലും തീക്കുണ്ഠവുമുണ്ടായിരുന്നു. എന്നാൽ എല്ലാവരും സന്തോഷവാന്മാരായിരുന്നു. അവർ തമാശകൾ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കാരണം അവർക്കാർക്കും വിശപ്പുണ്ടായിരുന്നില്ല. അവർ ഓരോരുത്തരും തീക്കുണ്ഠത്തിനരികിലെത്തി തങ്ങളുടെ കൈകളിൽ ബന്ധിക്കപ്പെട്ടിരുന്ന കോലിൽ മാമ്പഴം കൊരുത്തെടുത്തു മറ്റുളളവരുടെ നാവിലേക്കു വച്ചുകൊടുക്കുന്ന കാഴ്ച ഗുരു എല്ലാവർക്കും കാണിച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു. 'ഇതാണ് സ്വർഗം. ഇതുണ്ടാക്കിയതാകട്ടെ ഇവർ മാത്രമാണ്.'
ഇതുപോലെയാണ് ലോകജീവിതവും. എല്ലാം എല്ലാവർക്കുമായി ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തമാക്കാനാഗ്രഹിക്കുന്നവൻ നരകവും പങ്കുവയ്ക്കാനാഗ്രഹിക്കുന്നവൻ സ്വർഗവും തീർക്കുന്നു. ഈ ലളിതപാഠം ഉൾക്കൊള്ളാൻ വിദ്യാഭ്യാസയോഗ്യത മാത്രം പോര. ഒരുമയുടെ മാനവികജ്ഞാനം കൂടി വേണം.