subru

നേമം: പഴയ സാധനങ്ങൾ തൂക്കി നൽകുന്നതിനിടെ ബുക്കുകൾക്കിടയിൽ വീട്ടമ്മ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ആക്രമിക്കച്ചവടക്കാരൻ പിടിയിൽ. പൊറ്റവിളയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിള്ളിപ്പാലത്തിന് സമീപം കരിമഠം കോളനിയിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശി സുബ്രഹ്മണ്യൻ (40) ആണ് അറസ്റ്റിലായത്. കാരയ്‌ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് അബദ്ധം പറ്റിയത്. കള്ളന്മാരെ പേടിച്ചാണ് പഴയ ബുക്കുകൾക്കിടയിൽ മൂന്ന് മാലയും വളകളും അടങ്ങിയ കവർ സൂക്ഷിച്ചത്. ആക്രിക്കാരൻ വന്നപ്പോൾ തൂക്കിക്കൊടുക്കാനെടുത്ത ബുക്കുകൾക്കിടയിലെ സ്വർണവും അബദ്ധത്തിൽ പെട്ടുപോയി. പഴയബുക്കുകളും മറ്റ് പഴയ സാധനങ്ങളുമായി ഇയാൾ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വർണം സൂക്ഷിച്ചിരുന്ന കാര്യം ഓർമ്മ വന്നത്. മകൻ സ്‌കൂട്ടറിൽ അട്ടക്കുളങ്ങരയിലെ കടയിലെത്തി സ്വർണം തിരികെ ചോദിച്ചെങ്കിലും താൻ കണ്ടില്ലെന്നും വഴിയിൽ വീണുപോയിരിക്കാമെന്നും ഇയാൾ‌ പറഞ്ഞു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കളെത്തി ബഹളമായതോടെ ഫോർ‌ട്ട് പൊലീസ് സ്ഥലത്തെത്തി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും സ്വർണം താൻ എടുത്തിട്ടില്ലെന്ന് ആവർത്തിക്കുകയായിരുന്നു. പരാതിയിൽ വീട്ടമ്മ ഉറച്ചുനിന്നതോടെ ഇയാളുമായി കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയിൽ 17 പവൻ സ്വർണം കണ്ടെടുത്തു. ഇയാളെ നേമം പൊലീസിന് കൈമാറി. ബാക്കി മൂന്നുപവൻ സ്വർണം എവിടെയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.