സഹകരണ സ്ഥാപനങ്ങളുടെ ആസ്തി കൈമാറ്റം എന്നത് ആ സ്ഥാപനത്തിന്റെ സമാപ്തീകരണ പ്രക്രിയയാണ് . അത് ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. കേരളാ ബാങ്ക് രൂപീകരണത്തിന് നിഷ്കർഷിക്കുന്ന നിബന്ധനകളിൽ ഒന്നാമത്തേത് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ മുഴുവൻ സാക്ഷാത്കരിക്കണം എന്നതാണ്. നാലാമത്തേത് ലയന പ്രമേയവും ആസ്തി ബാദ്ധ്യത കൈമാറ്റ പ്രമേയവും പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ട് ചെയ്യുന്ന അംഗങ്ങളുടെ 2/3 ഭാഗം ഭൂരിപക്ഷത്തോടെ പാസാക്കണമെന്നതുമാണ് . ബൈലാ ഭേദഗതിക്കു പോലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ അതിനെക്കാൾ ഗൗരവമായ ആസ്തി ബാദ്ധ്യത കൈമാറ്റത്തിന് കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമഭേദഗതി വ്യവസ്ഥ ഭരണഘടനയുടെ അനുഛേദം 19 (1) സി.ക്കും 43 (ബി)ക്കും വിരുദ്ധമാണ്. കേരളത്തിനോടൊപ്പം ദ്വിതല സംവിധാനത്തിലേക്ക് മാറാൻ നപടികൾ കൈക്കൊണ്ടിരുന്ന ഛത്തീസ്ഗഡ് ഗവൺമെന്റ് ആസ്തി ബാദ്ധ്യതാ കൈമാറ്റ പ്രമേയം ആർ.ബി.ഐ നിഷ്കർഷിച്ചിരിക്കുന്ന 2/3 ഭൂരിപക്ഷത്തിനു പകരം കേവല ഭൂരിപക്ഷത്തോടെ പാസാക്കാൻ ഇളവ് അനുവദിക്കണമെന്ന് ആർ.ബി.ഐ മുമ്പാകെ അപേക്ഷിച്ചപ്പോൾ അപേക്ഷ നിരസിച്ചു. 2/3 ഭൂരിപക്ഷം നിർബന്ധമായും വേണമെന്ന് ശഠിച്ച ആർ.ബി.ഐ കേരളത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പുനയം സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഛത്തീസ്ഗഡിൽ ഇത് പ്രാവർത്തികമായില്ല.
നബാഡിന്റെ സി.ജി.എം ആയി റിട്ടയർ ചെയ്ത വ്യക്തിയെയാണ് കേരളാ ബാങ്കിന്റെ രൂപീകരണത്തിനായുള്ള ടാസ്ക് ഫോഴ്സ് ചെയർമാനായി നിയോഗിച്ചത്. ഇനി റിട്ടയർ ചെയ്യാൻ പോകുന്ന സീനിയർ ഉദ്യോഗസ്ഥർക്ക് നിർദ്ദിഷ്ട കേരളാ ബാങ്കിൽ ഉയർന്ന തസ്തികകളിൽ കരാർ നിയമനം വാഗ്ദാനം ചെയ്‌താണ് 2/3 ഭൂരിപക്ഷം എന്നത് മാറ്റിമറിച്ച് കേവല ഭൂരിപക്ഷം എന്ന നിയമവിരുദ്ധ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
കേരളത്തിൽ 14 ജില്ലാ സഹകരണ ബാങ്കുകളിൽ നാല് ബാങ്കുകളിൽ 2/3 ഭൂരിപക്ഷം ഇല്ലാതിരിക്കുകയും ഒരു ജില്ലാ ബാങ്ക് ഈ നിർദ്ദേശം തന്നെ പാടെ നിരസിക്കുകയും ചെയ്തിരിക്കുമ്പോഴാണ് ഈ കടുംപിടിത്തം. നബാർഡിന്റെ അന്വേഷണ ഉദ്യോഗസ്ഥർ 2/3 ഭൂരിപക്ഷം എന്ന നിയമം പാലിച്ചേ തീരൂ എന്ന നിയമത്തിൽ പിടിച്ചു നിന്നപ്പോൾ ചെയർമാൻ ഇതിനെ അട്ടിമറിക്കുകയും ആർ.ബി.ഐയിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഈ നിയമവിരുദ്ധ നടപടിയിലൂടെ കേരളാ ബാങ്ക് എന്ന പുലമ്പൽ പ്രാവർത്തികമാക്കാനാണ് നീക്കം. നിബന്ധനകൾ പൂർത്തിയാകാതെ നിലവിലെ സാഹചര്യത്തിൽ ആർ.ബി.ഐയുടെ അന്തിമ അനുമതിക്കായി സംസ്ഥാന സഹകരണ ബാങ്ക് നബാർഡ് മുഖാന്തരം എങ്ങനെ ആർ.ബി.ഐയെ സമീപിക്കും.
( ലേഖകൻ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ് )