തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ നാമനിർദ്ദേശ
പത്രിക സമർപ്പിച്ചു. ഒരു സെറ്റ് പത്രികയാണ് നൽകിയത്. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ പിന്തുണച്ച് ഒപ്പുവച്ചു. പത്രികയ്ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട 25,000 രൂപ നൽകിയത് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യകാര്യദർശിയും കൊന്നനാകത്ത് ജാനകിഅമ്മയുടെ മകളുമായ ബാലാമണിഅമ്മയാണ്.
രാവിലെ കവടിയാറിലെ വിവേകാനന്ദ പ്രതിമയ്ക്കുമുന്നിൽ പുഷ്പാർച്ചന നടത്തിയശേഷം നിരവധി പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കുമ്മനം പത്രിക സമർപ്പണത്തിനായി പുറപ്പെട്ടത്. കുടപ്പനക്കുന്ന് ജംഗ്ഷനിൽ എത്തി, വാദ്യഘോഷങ്ങളോടെ കാൽനടയായാണ് കളക്ടറേറ്റിലേക്ക് തിരിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി കെ.പി. നീലകണ്ഠൻ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സ്റ്റെല്ലസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവർ അനുഗമിച്ചു. വരണാധികാരി കൂടിയായ കളക്ടർ കെ. വാസുകി പത്രിക സ്വീകരിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥി എസ്. സുശീലനും ഇന്നലെ പത്രിക സമർപ്പിച്ചു. ഇതോടെ തിരുവനന്തപുരം മണ്ഡലത്തിൽ പത്രിക നൽകിയവരുടെ എണ്ണം നാലായി. ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇന്നലെ ആരും പത്രിക നൽകാനെത്തിയില്ല.