ശരീരത്തിലെ ജലാംശം അമിതമായി നഷ്‌ടപ്പെടും
ബിയർ കഴിക്കുന്നതും നല്ലതല്ല
തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തിൽ മദ്യപാനം ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പു നൽകി. മദ്യപാനം നിർജലീകരണത്തിന് വഴിവയ്ക്കും. ഇത് മരണത്തിനു വരെ കാരണമാകും.
ചൂട് സമയത്ത് ബിയർ നല്ലതാണെന്നതും തെറ്റിദ്ധാരണയാണ്. ബിയർ കഴിക്കുമ്പോൾ ചൂട് തൽക്കാലം ശമിക്കുമെങ്കിലും ശരീരത്തിലെ നിർജലീകരണത്തിന്റെ തോത് വർദ്ധിക്കും.
മദ്യപിക്കുമ്പോൾ ശരീരത്തിലെ രക്തധമനികൾ വികസിക്കുകയും ശരീരത്തിന്റെ ഊഷ്‌മാവ് കൂടുകയും ചെയ്യും. ചൂട് കൂടുതലുള്ളപ്പോൾ, പ്രത്യേകിച്ച് ഉച്ചയ്‌ക്ക് മദ്യപിച്ചാൽ ശരീരം അമിതമായി ചൂടാവുന്നത് മൂലം ജലാംശം കുറഞ്ഞ് രക്തം കട്ടപിടിച്ച് ഹൃദയം നിലയ്‌ക്കാൻ വരെ കാരണമാകും. മദ്യം ശരീരത്തിലെ ലവണങ്ങളും ജലവും വലിയതോതിൽ പുറത്തേക്ക് പോകാൻ കാരണമാകും. രക്തത്തിലെ സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ഗണ്യമായി കുറയും. സോഡിയം, പൊട്ടാസ്യം എന്നിവയുടെ കുറവ് ഹൃദയത്തിന്റെ താളം തെറ്റിച്ച് ഹൃദയസ്തംഭനമുണ്ടാക്കാം. 135 മുതൽ 152 മില്ലിഗ്രാം സോഡിയമാണ് സാധാരണ വേണ്ടത്. ഇത് 110 മില്ലി ഗ്രാമിൽ കുറഞ്ഞാൽ അപകടമാണ്.
ചൂടുകാലത്തെ മദ്യപാനം വൃക്കയുടെ പ്രവർത്തനത്തെയും ബാധിക്കും. മദ്യത്തിന്റെ വീര്യം 24 മണിക്കൂർ വരെ ശരീരത്തിൽ നിലനിൽക്കും. അതിനാൽ ജോലി കഴിഞ്ഞ് വൈകിട്ട് മദ്യപിച്ചശേഷം രാവിലെ വെയിലിൽ ജോലിചെയ്യുന്നത് അപകടമാണ്. അമിതമായി മദ്യപിച്ച് വഴിയോരത്ത് കിടക്കുന്നവരിലാണ് മരണസാദ്ധ്യത കൂടുതൽ.
വേനൽക്കാലത്തെ മദ്യപാനം അപകടം വിളിച്ചുവരുത്തും. മദ്യത്തിന് പകരം ശീതളപാനീയങ്ങളും പഴങ്ങളും കഴിക്കുന്നതാണ് ചൂടകറ്റാനും ആരോഗ്യം നിലനിറുത്താനും നല്ലത്.
സുൽഫിക്കർ നൂഹ്,
ഐ.എം.എ സംസ്ഥാന സെക്രട്ടറി