rahul-gandhhi

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാസമർപ്പണം രണ്ട് ദിവസം പിന്നിട്ടിട്ടും വയനാട്ടിലെ അനിശ്ചിതത്വം പരിഹരിക്കാത്തത് അണികളിൽ സൃഷ്ടിച്ച ആശങ്ക അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. വി.എം. സുധീരൻ അടക്കമുള്ള ചിലരാണ് ഹൈക്കമാൻഡിനോട് ഈ ആവശ്യമുയർത്തിയതെന്നാണ് വിവരം. വയനാട്ടിൽ കൺവെൻഷനുകളടക്കം നടക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിയാവാത്തതിൽ പ്രവർത്തകരിൽ നിരാശ കടുക്കുകയാണ്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുന്ന നിലയായിട്ടുണ്ട്.

അതേസമയം, രാഹുൽ വന്നില്ലെങ്കിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മേൽ പഴിചാരി മുഖം രക്ഷിക്കാനുള്ള ശ്രമം കെ.പി.സി.സി നേതൃത്വം ആരംഭിച്ചു. ഡൽഹിയിൽ ഒരു പ്രസ്ഥാനം കാട്ടുന്ന അന്തർനാടകമാണ് പ്രശ്നമെന്നായിരുന്നു ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. രാഹുലിനെ പിൻവലിപ്പിക്കാനായി കഴിഞ്ഞദിവസം ശരത്പവാർ ഇടപെട്ടതിന് പിന്നിൽ സി.പി.എമ്മാണെന്നാണ് നേതാക്കളുടെ സംശയം.

ഇടതുപാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങി രാഹുൽ പിന്മാറിയെന്ന പ്രതീതി ഉണർത്തുന്നത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ക്ഷീണമാണ്. ബി.ജെ.പി അത് ആയുധമാക്കുമെന്നും ഉറപ്പാണ്.

എന്നാൽ, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടേണ്ട കാര്യമെന്താണെന്ന ചോദ്യമാണ് സി.പി.എം, സി.പി.ഐ നേതാക്കളുയർത്തുന്നത്. രാഹുലിനെ പിന്തിരിപ്പിക്കാൻ തങ്ങളാരും ചർച്ച നടത്തിയിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടതെന്നുമാണ് സി.പി.ഐ നേതാവ് ഡി. രാജ ഇന്നലെ ഡൽഹിയിൽ പ്രതികരിച്ചത്.

വന്നാൽ നേരിടാൻ പലത്

രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ അത് ശക്തമായ പ്രചരണായുധമാക്കുകയാണ് ഇടത് തന്ത്രം. അഖിലേന്ത്യാതലത്തിൽ ബി.ജെ.പിയുടെ വർഗീയ, ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച നേതാവ് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ സാംഗത്യമാവും ചോദ്യം ചെയ്യുക. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വവും ബി.ജെ.പിയുടേതിന് സമാനമായ സാമ്പത്തികനയവുമെല്ലാം പ്രചരണവിഷയമാക്കും. ശബരിമല യുവതീപ്രവേശന വിഷയത്തിലെടുത്ത നിലപാടും വിശദീകരിച്ച് കോൺഗ്രസിന് മുഖ്യ എതിരാളി ബി.ജെ.പിയല്ല, ഇടതുപക്ഷമാണെന്ന് സ്ഥാപിക്കാം.

മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിനെ അമേതിയിലടക്കം ഉത്തരേന്ത്യയിൽ ബി.ജെ.പിയും പ്രചാരണായുധമാക്കും. ഇത്തരം വെല്ലുവിളികൾ സൃഷ്ടിച്ച കുരുക്കുകൾക്ക് നടുവിലാണ് ഹൈക്കമാൻഡ്.

വയനാടിനായി സമർദ്ദം തുടരുന്നു

ദക്ഷിണേന്ത്യയിൽ മുമ്പ് മത്സരിച്ച ഇന്ദിരാഗാന്ധിയുടെയും സോണിയയുടെയും പാരമ്പര്യം രാഹുലും പിന്തുടരുന്നതിൽ തെറ്റില്ലെന്നാണ് ഇപ്പോഴും

കോൺഗ്രസിലെ വലിയ വിഭാഗം നേതാക്കളുടെ നിലപാട്. കോൺഗ്രസിന്റെ വിശാലതാല്പര്യം എടുത്തുകാട്ടാൻ അതുപകരിക്കും. ദക്ഷിണേന്ത്യയിൽ നിന്നു കരുത്തുകാട്ടി ബി.ജെ.പിയെ എതിരിടാൻ കോൺഗ്രസിന് ഇതിലൂടെ കഴിയും. അതിനായി ഏറ്റവും സുരക്ഷിതമെന്ന് കോൺഗ്രസ് കരുതുന്ന വയനാട്ടിലേക്കായി ചില ഉന്നത കേരള നേതാക്കൾ ഇപ്പോഴും രാഹുലിന് മേൽ സമ്മർദ്ദം തുടരുന്നുണ്ട്.