തിരുവനന്തപുരം: ശരാശരിക്കാരെയും എ പ്ലസുകാരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ സാമൂഹിക ശാസ്ത്ര പരീക്ഷയോടെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ പൂർത്തിയായി. പൊതുവേ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ പേടിസ്വപ്നമാണ് സാമൂഹിക ശാസ്ത്ര പരീക്ഷ. സ്റ്റേറ്റ് സിലബസിനെ അപേക്ഷിച്ച് നാല് വിഭാഗങ്ങളിലായി നാല് പുസ്തകങ്ങളാണ് സി.ബി.എസ്. ഇ വിദ്യാർത്ഥികൾ മൂന്നു മണിക്കൂറിന്റെ ഒരു പരീക്ഷയ്‌ക്കായി പഠിക്കേണ്ടത്. ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നിവയാണ് പരീക്ഷയ്‌ക്ക് ആധാരം.
എന്നാൽ ഇത്തവണത്തെ പരീക്ഷ അധികം വലച്ചില്ലെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സമ്മതിക്കുന്നു. സ്‌കൂൾ അധികൃതർ നടത്തിയ മോഡൽ പരീക്ഷയിലെ പല ചോദ്യങ്ങളും അതേപോലെ വന്നു. സിലബസിന് പുറത്തുനിന്ന് ഒരു ചോദ്യം പോലുമുണ്ടായില്ല. എല്ലാ അദ്ധ്യായങ്ങൾക്കും പ്രാധാന്യം നൽകുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ ചോദ്യ കർത്താക്കൾ ശ്രദ്ധിച്ചിട്ടുമുണ്ട്. ജ്യോഗ്രഫി, ഹിസ്റ്ററി പാഠഭാഗങ്ങളിൽ നിന്ന് ചോദിച്ച മാപ്പുകൾ പൂരിപ്പിക്കുന്നതും വളരെ അനായാസം ചെയ്യാൻ കഴിയുന്നതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒരു മാർക്കിന്റെ രണ്ട് ചോദ്യങ്ങൾ ചിന്തിച്ചെഴുതേണ്ടവ ആയിരുന്നെങ്കിലും പാഠഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വിദ്യാർത്ഥികൾക്ക് അവയ്‌ക്ക് ഉത്തരം കണ്ടെത്താൻ പ്രയാസമില്ലെന്ന് അദ്ധ്യാപകർ പറയുന്നു.
മൂല്യനിർണയം ആരംഭിച്ചുകഴിഞ്ഞു. മെയ് രണ്ടാം ആഴ്ചയിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ ബോർഡ് അറിയിച്ചിട്ടുള്ളത്.