നെയ്യാറ്റിൻകര: ദേശീയപാതയിൽ പത്താംകല്ലിന് സമീപം നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു. പത്താംകല്ല് വളവിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ബാലരാമപുരം ഭാഗത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് വരികയായിരുന്ന ടിപ്പർ നിയന്ത്രണംവിട്ട് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തകർത്ത ശേഷം മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ പ്രദേശത്ത് ഇന്നലെ പുലർച്ച മുതൽ ഉച്ചവരെ വൈദ്യുതി ബന്ധം തകരാറിലായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹന ഉടമയ്‌ക്ക് പിഴ ചുമത്തി.