kpms

തിരുവനന്തപുരം: അവകാശബോധം ജ്വലിച്ചുയർന്ന മഹാപ്രകടനത്തോടെ കെ.പി.എം.എസിന്റെ നാല്പത്തിയെട്ടാം സംസ്ഥാന സമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനത്ത്‌ തുടക്കമായി. വൈകിട്ട് നാലരയോടെ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ നിന്ന്‌ ആരംഭിച്ച പതിനായിരങ്ങൾ അണിനിരന്ന പ്രകടനത്തിന്റെ അവസാന നിര കടന്നുപോകാൻ മണിക്കൂറുകൾ വേണ്ടിവന്നു. നീലയും പച്ചയും കലർന്ന പതാകകളേന്തിയ,​ കേരളീയ വേഷം ധരിച്ച വനിതകൾ പ്രകടനത്തിന് അലങ്കാരമായി. അവകാശങ്ങൾ നേടിയെടുക്കാനുള്ള മുദ്രാവാക്യങ്ങൾക്കൊപ്പം പാടിയ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ കൊഴുപ്പേകി. ബാൻഡ് സെറ്റും കഥകളി,​ ഓട്ടൻതുള്ളൽ വേഷങ്ങളും പ്രകടനത്തെ വശ്യമാക്കി.

അനൗൺസ്‌മെന്റ് വാഹനത്തിന് പിറകിലായി പഞ്ചവാദ്യവും അതിന് പിന്നിലെ പ്രധാന ബാനറിനു കീഴിൽ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, പ്രസിഡന്റ് വി. ശ്രീധരൻ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല, വർക്കിംഗ് പ്രസിഡന്റ് പി. ജനാർദ്ദനൻ, ജനറൽ കൺവീനർ ആലംകോട് സുരേന്ദ്രൻ, കെ.പി.എം.എഫ് സംസ്ഥാന സെക്രട്ടറി സുജ സതീഷ്, കെ.പി.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുഭാഷ് തുടങ്ങിയവരും അണിനിരന്നു. കെ.പി.എം.എഫിന്റെയും കെ.പി.വൈ.എഫിന്റെയും നേതാക്കൾ അതിനു പിന്നിൽ നീങ്ങി. വെള്ള ഷർട്ടും മുണ്ടും ധരിച്ച പുരുഷന്മാർ പതാകയുടെ നിറത്തിലുള്ള തൊപ്പി അണിഞ്ഞാണ് പങ്കെടുത്തത്. പച്ചയും നീലയും ഇടകലർന്ന പതാകയുടെ നിറത്തിലുള്ള കുടകളും അലങ്കാരമായി.

തമ്പോല സംഗീതത്തിന് മുന്നിലും പിന്നിലുമായി കൊല്ലം,​ ആലപ്പുഴ ജില്ലകളിലെ പ്രവർത്തകർ അണിനിരന്നു. അതിനുപിന്നിൽ പത്തനംതിട്ട,​ കോട്ടയം ജില്ലകളിൽനിന്നെത്തിയവരും തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ ഒടുവിലായും അണിചേർന്നു. സമ്മേളനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് പ്രകടനം അടുത്തപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു.