നെടുമങ്ങാട് : കൃഷിവകുപ്പിനു കീഴിലുള്ള നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് കാർഷികോല്പന്നങ്ങളുടെ ലേലം മുടങ്ങി. മൂന്ന് മാസം മുമ്പ് ലേലം നൽകിയതിന്റെ പ്രതിഫലം ഇനിയും വിതരണം ചെയ്യാത്തതാണ് കർഷക പ്രതിഷേധത്തിന് ഇടയാക്കിയത്. ഒരു കോടിയോളം രൂപയാണ് ഈ വകയിൽ കർഷകർക്ക് ലഭിക്കാനുള്ളത്. രാവിലെ പത്തരയോടെ നടക്കേണ്ട ലേലത്തിൽ പങ്കെടുക്കാൻ ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥരും സ്വകാര്യ ഷോപ്പ് ഉടമകളും എത്തിയെങ്കിലും ഉല്പന്നങ്ങൾ നൽകാൻ കർഷകർ തയാറായില്ല. വേൾഡ് മാർക്കറ്റ് സെക്രട്ടറിയുടെ അനുരഞ്ജന ശ്രമത്തെ തുടർന്ന് വൈകിട്ട് അഞ്ചോടെ ഉല്പന്നങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി കർഷകർ മടങ്ങി. പത്ത് വർഷത്തിനിടെ ആദ്യമായാണ് വേൾഡ്‌മാർക്കറ്റിൽ ഉല്പന്നലേലം മുടങ്ങുന്നത്. 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവരുണ്ടെന്ന് കർഷകകൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. 1200 ഓളം കർഷകർ ഉല്പന്നങ്ങൾ എത്തിക്കുന്നുണ്ട്. ഇരുനൂറോളം പേർ സ്ഥിരമായി ഉല്പന്നങ്ങൾ കൊണ്ടുവരുന്നവരാണ്. തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ഒരാഴ്ച മൂന്ന് തവണ ലേലം നടക്കാറുണ്ട്. രണ്ടാഴ്ചയിൽ ഒരിക്കൽ പ്രതിഫലം പൂർണമായി നൽകണമെന്നാണ് വ്യവസ്ഥ. ഹോർട്ടികോർപ്പ് ലേലം പിടിച്ച സാധനങ്ങളുടെ വില നൽകാത്തതാണ് കർഷകർക്ക് പ്രതിഫലം നൽകാൻ കഴിയാത്തതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഒരു കി.ഗ്രാം ഉല്പന്നം പത്ത് കിലോമീറ്റർ പരിധിക്ക് വെളിയിൽ നിന്ന് കൊണ്ടു വന്നാൽ രണ്ടു രൂപ നിരക്കിൽ യാത്രക്കൂലി നൽകണമെന്ന് ചട്ടമുണ്ടെങ്കിലും അധികൃതർ അത് പാലിക്കാറില്ലെന്നും പരാതിയുണ്ട്. കൊല്ലം ജില്ലയിൽ നിന്നടക്കം പച്ചക്കറി വിളകൾ വില്പനയ്ക്ക് എത്തിക്കുമ്പോൾ ഭീമമായ യാത്രക്കൂലി കർഷകർ സഹിക്കണം. അടുത്തിടെ മാർക്കറ്റിൽ എത്തിക്കുന്ന വിളകൾക്ക് ഇറക്ക് കൂലി ഏർപ്പെടുത്തിയും കർഷകർക്ക് ഇരുട്ടടി സമ്മാനിച്ചു. മൊത്തവ്യാപാര വിപണിയുടെ മോണിറ്ററിംഗ് സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്താൻ അധികൃതർ ഇതേവരെ കൂട്ടാക്കിയിട്ടില്ല.