കഴക്കൂട്ടം: പതുക്കെ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളി റോഡിൽ തലയിടിച്ച് വീണ് മരിച്ചു. പശ്ചിമബംഗാൾ മിഡ്നാപൂർ സ്വദേശി താരാപത്മൻ (38)​ ആണ് മരിച്ചത്. കഴക്കൂട്ടം 110കെ.വി സബ്സ്റ്റേഷനടുത്താണ് അപകടം. നിർമ്മാണ തൊഴിലാളിയായ താരാപത്മൻ ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് വാടകവീടായ മൺവിളയിലേക്ക് പോകാൻ കഴക്കൂട്ടത്ത് നിന്ന് ബസിൽ കയറിയതാണ്. ബസ് കാര്യവട്ടത്തേക്ക് തിരിഞ്ഞപ്പോഴാണ് ബസ് തെറ്റിയെന്ന് മനസിലായത്. താരാപത്മൻ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കഴക്കൂട്ടം പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ അന്ത്യം സംഭവിച്ചു.