sun

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ജീവിതം ദുസ്സഹമാക്കി,​ തീപാറിയ ചൂടിന് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും സൂര്യാതപത്താൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 122 പേർക്ക് ദേഹത്ത് പൊള്ളലേറ്റു. താപനില 41 ഡിഗ്രി ക‌ടന്ന പാലക്കാട് ഇന്നലെ 38.9 ആയി കുറഞ്ഞു. പുനലൂരിൽ 38.4ഉം മറ്റ് ജില്ലകളിൽ 37 ഡിഗ്രിയിൽ താഴെയുമാണ് താപനില. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴയും അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വയനാട് ഇന്നലെ ചെറിയ ചാറ്റൽമഴ പെയ്തു.

താപനിലയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ചൂടിന്റെ തീഷ്ണതയിൽ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ലെന്നാണ് ദുരന്തനിവാരണ അതോറിട്ടി അധികൃതർ വ്യക്തമാക്കുന്നത്. താപനില 38 ഡിഗ്രിയാണെങ്കിലും മനുഷ്യർക്ക് അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രിക്ക് മേലെയാണ്. അന്തരീക്ഷത്തിലെ ഇൗർപ്പാംശം (ഹ്യുമിഡിറ്റി) കുത്തനെ ഉയർന്നതാണ്‌ കാരണം. രോഗികൾക്കും മദ്യപാനികൾക്കും താപനിലയിലെ വ്യതിയാനത്തിന് അനുസരിച്ച് ശരീരത്തിന്റെ ചൂട് ക്രമീകരിക്കാൻ കഴിയാത്തതും നിർജലീകരണത്തിന് ആനുപാതികമായി ദാഹം തോന്നാത്തതും വൻ അപകടത്തിനിടയാക്കും. പുതിയ സാഹചര്യത്തിൽ സൂര്യാഘാത മുന്നറിയിപ്പ് തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

സംസ്ഥാനത്ത് പൊരിവെയിലിന്റെ ആഘാതമേറ്റ 122 പേരിൽ കോഴിക്കോട് സ്വദേശികളായ മൂന്നുപേർക്ക് സൂര്യാഘാതവും 64 പേർക്ക് സൂര്യാതപംകൊണ്ടുള്ള പൊള്ളലും 59 പേർക്ക് ചൂടുകൊണ്ടുള്ള പാടുകളും രൂപപ്പെട്ടു. സൂര്യാതപംകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിട്ടിയും അറിയിച്ചു.

ആലപ്പുഴയും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ പേർക്ക് പൊള്ളലേറ്റത്. ആലപ്പുഴ 18 പേർക്കും കോഴിക്കോട്ട് 14 പേർക്കും പൊള്ളലേറ്റു. എറണാകുളം വയനാട്, കൊല്ലം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്ക് വീതവും തൃശൂരിൽ അഞ്ചുപേർക്കും തിരുവനന്തപുരത്ത് ഒരാൾക്കും മലപ്പുറത്ത് രണ്ടുപേർക്കും കോട്ടയത്ത് ആറുപേർക്കും പത്തനംതിട്ട രണ്ടുപേർക്കും പൊള്ളലേറ്റു. ചൂടിൽ ശരീരത്തിൽ പാടുകൾ രൂപപ്പെട്ടത് എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അഞ്ചുപേർക്ക് വീതവും തൃശൂർ, കാസർകോട് ജില്ലകളിൽ മൂന്നുപേർക്കും, മലപ്പുറം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒരാൾക്കു വീതവും ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ എട്ടുപേർക്ക് വീതവും കൊല്ലത്ത് 12 പേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും ആലപ്പുഴ ഒമ്പത് പേർക്കുമാണ്.

സൂര്യാതപം: 31 വരെ

മാർച്ച് 31 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നു 2 മുതൽ 3 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.