തിരുവനന്തപുരം: ബാർട്ടൺഹിൽ സ്വദേശി അനിൽകുമാറിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം കുപ്രസിദ്ധ ഗുണ്ടാനേതാവിലേക്ക്. കേസിൽ പിടിയിലായ ജീവൻ ഇതുസംബന്ധിച്ചു വിവരം പൊലീസിനു നൽകിയെന്നാണു സൂചന. ഇയാളുടെ ഫോൺകാൾ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചപ്പോഴാണ് ഗുണ്ടാത്തലവന്റെ സഹായം ജീവന് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കേസിൽ രണ്ടുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. കേസിലെ പ്രധാനി ജീവനെ ഇന്നലെ കോടതിയിൽ ഹാജരാക്കി. തന്റെ വീട് ആക്രമിക്കുകയും ഗർഭിണിയായ സഹോദരിയെ മർദ്ദിക്കുകയും ചെയ്‌തതിലുള്ള വൈരാഗ്യമാണു അനിൽകുമാറിന്റെ കൊലയിലേക്കു നയിച്ചതെന്ന് ജീവൻ മൊഴി നൽകി. വീടാക്രമണത്തിനു ശേഷവും അനിൽകുമാർ നിരന്തരം ഭീഷണിമുഴക്കി. ഇതു സഹിക്കാനാകാതെയാണ് കൊലനടത്താൻ തീരുമാനിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.15നായിരുന്നു കൊലപാതകം. സുഹൃത്തുക്കളുമൊത്തു മദ്യപിക്കാൻ പോയ അനിൽകുമാറിനെ പിന്നീട് കോളനിക്കു സമീപം വെട്ടേറ്റു ചോരവാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നേരത്തെ സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് പലകാരണങ്ങളാൽ തെറ്റിപ്പിരിഞ്ഞു. കൊലയ്ക്കു ശേഷം ബൈക്കിൽ രക്ഷപ്പെട്ട ജീവൻ രാത്രി തലസ്ഥാനത്തു തങ്ങിയ ശേഷം പുലർച്ചെയോടെ ബസിൽ കയറി തമിഴ്‌നാട്ടിലേക്കു കടന്നു. ഒടുവിൽ സൈബർസെൽ സഹായത്തോടെയാണ് ജീവനെ പിടികൂടിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും.