തിരുവനന്തപുരം: ലോക്സഭയിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തുനിന്ന് മത്സരിക്കുന്ന കുമ്മനം രാജശേഖരന് ആകെയുള്ള സ്വത്ത് പാരമ്പര്യമായി കിട്ടിയ 25സെന്റ് ഭൂമിയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായുള്ള ഒരുലക്ഷം രൂപയും. കൈയിൽ ആകെയുള്ളത് 513 രൂപ.
ഇന്നലെ ജില്ലാകളക്ടർ കെ.വാസുകി മുമ്പാകെ സമർപ്പിച്ച നാമനിർദ്ദേശപത്രികയിലെ സത്യവാങ്ങ് മൂലത്തിലാണീ വിവരമുള്ളത്. ഇതുവരെ ആദായനികുതിറിട്ടേൺ സമർപ്പിച്ചത് ഒരുതവണ മാത്രം അത് മിസോറം ഗവർണറായിരുന്ന സമയത്താണ്. അന്ന് 31,83,821 രൂപ വരുമാനം ലഭിച്ചു. ഇത് പ്രസ്ഥാനത്തിന് നൽകി. സ്വന്തമായി തിരുവനന്തപുരത്ത് എസ്. ബി. ഐ. യുടെ രണ്ട് ശാഖകളിലായുള്ള സേവിംഗ്സ് അക്കൗണ്ടിൽ 40118രൂപയും കറന്റ് അക്കൗണ്ടിലായി 60001 രൂപയും ആണ്. കൂടാതെ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ജൻമഭൂമി പത്രത്തിന്റെ ഉടമകളായ മാതൃകാപ്രചരാണലയം ലിമിറ്റഡ് കമ്പനിയിൽ 5100 രൂപയുടെ ഓഹരിയുമുണ്ട്. ഇതെല്ലാം ചേർത്ത് 105732 രൂപയാണ് ആകെ നിക്ഷേപം.
പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിന്റെ ഭാഗമായി കുമ്മനത്തിനെതിരെ രണ്ട് കേസുകൾ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ചുമത്തിയതാണിത്.അവിവാഹിതനാണ്.ആശ്രിതരായി ആരുമില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.സ്വന്തമായി വീടുമില്ല. പ്രസ്ഥാനത്തിന്റെ ഓഫീസ് വിലാസമാണ് താമസസ്ഥലമായി നൽകിയിരിക്കുന്നത്.