kuyf

തിരുവനന്തപുരം: കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനിയോട് പുറത്ത് നിന്നുള്ള യുവാവ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുണ്ടായ വാക്കുതർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും യുവാവിനൊപ്പമുണ്ടായിരുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയ ശേഷമാണ് ഒരു മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാമ്പസിലെ മൂന്നാം വേദിക്ക് സമീപമായിരുന്നു സംഭവം. മത്സരം കാണാനെത്തിയ പെൺകുട്ടിയോട് സമീപത്തുണ്ടായ യുവാവ് അപമര്യാദയായി സംസാരിക്കുകയും പെൺകുട്ടി പ്രതികരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പ്രതികരണത്തിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ തല്ലിയെന്ന് ആരോപിച്ച് കാമ്പസിലെ മറ്റ് വിദ്യാർത്ഥികളെത്തി പുറത്തുനിന്ന് എത്തിയ യുവാവിനെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. അതോടെ,​ യുവാവിന്റെ കൂടെയുണ്ടായിരുന്ന നാലു പേർ കാമ്പസിലെ മറ്റ് വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് യുവാക്കളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ സുരക്ഷാ ജീവനക്കാർ പിടികൂടി. സംഘർഷത്തെ തുടർന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. ഇതിനിടയിൽ എസ്.ഐ യൂണിയൻ പ്രവർത്തകരെ കുറ്റക്കാരാക്കുന്നുവെന്ന് ആരോപിച്ച് യൂണിയൻ ഭാരവാഹികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ശ്രീജിത്ത്, ഗവേഷക യൂണിയൻ ജനറൽ സെക്രട്ടറി മനേഷ് കുമാർ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും കലോത്സവത്തിന്റെ ജനറൽ കൺവീനറുമായ റിയാസ് വഹാബ് എന്നിവർ പൊലീസുമായി സംസാരിച്ചു. തുടർന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ വിദ്യാധരൻ സ്ഥലത്തെത്തി യൂണിയൻ പ്രവർത്തകരെ അനുനയിപ്പിച്ചത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.