തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾ നടത്തുന്ന ചെലവുകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണം. പരമാവധി 70 ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്കു ചെലവഴിക്കാനാകുന്നത്. ചെലവ് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. ഐ.ആർ.എസ് ഉദ്യോഗസ്ഥരായ ടി. അയ്യൻ പെരുമാൾ, ജഗദീഷ് പ്രസാദ് മീണ എന്നിവരാണ് യഥാക്രമം തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളിലെ ചെലവ് നിരീക്ഷകർ. ചെലവ് നിരീക്ഷണത്തിനു പൊതുജനങ്ങളുടെ പൂർണ പിന്തുണയുണ്ടാകണമെന്നും പൊതുജനങ്ങൾക്ക് നിരീക്ഷകരെ നേരിട്ടോ ജില്ലാ ഭരണകൂടം വഴിയോ പരാതികൾ നൽകാമെന്നും നിരീക്ഷകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരീക്ഷകരുടെ ഫോൺ നമ്പരുകൾ ടി. അയ്യൻ പെരുമാൾ- 9188521942, ജഗദീഷ് പ്രസാദ് മീണ -9530400915, 9188521941.
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന് ഫ്ളൈയിംഗ് സ്‌ക്വാഡുകൾ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പരിശോധന നടത്തുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 15 ചെക്‌പോസ്റ്റുകളിലും നഗര മേഖലകളിലും സ്റ്റാറ്റിക് സർവെലൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളിലും പ്രത്യേക പരിശോധന നടക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ, റാലികൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിന് വീഡിയോ സർവെലൻസ് സ്‌ക്വാഡുകളും രംഗത്തുണ്ട്. ഓരോ പരിപാടിയുടെയും ചെലവ് കണക്കാക്കി സ്ഥാനാർത്ഥിയുടെ ചെലവിലേക്ക് ചേർക്കും. സ്ഥാനാർത്ഥികളുടെ ചെലവ് സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് കളക്ടറേറ്റിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 0471 23210013, 0471 23210016 എന്നിവയാണ് കൺട്രോൾ റൂം നമ്പരുകൾ. ആദായ നികുതി വകുപ്പിന്റെ ടോൾ ഫ്രീയായ 1800 425 3173 എന്ന നമ്പരിലും, പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സിവിജിൽ ആപ്പ് വഴിയും പരാതികൾ അറിയിക്കാമെന്നും നിരീക്ഷകർ പറഞ്ഞു.