തിരുവനന്തപുരം: വളരെ അടുക്കും ചിട്ടയുമായുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുന്ന പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ കൃത്യതയോടെ ഒന്നാം ഘട്ട പ്രചാരണ പരിപാടികൾ പൂർത്തിയാക്കി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പത്രിക നൽകുന്നതിന് മുമ്പ് പാർലമെന്റ് മണ്ഡലം തലം മുതൽ ബൂത്ത് തലം വരെയുള്ള പ്രവർത്തകരുടെ കൺവെൻഷനുകൾ നടത്തി ഒരുക്കി. പിന്നീട് ഇവരെ ഉണർത്തുന്നതിനായി കവലകൾ തോറും ചെറിയ പ്രചാരണപൊതുസമ്മേളനങ്ങൾ. ഇതാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. ഇന്നലെ പത്രിക സമർപ്പണം തുടങ്ങി. ഇന്നലെ ബി.ജെ.പിയുടെ കുമ്മനം പത്രിക നൽകി. ഇന്ന് ഇടതുമുന്നണിയുടെ സി. ദിവാകരനും തിങ്കളാഴ്ച ഐക്യമുന്നണിയുടെ ശശി തരൂരും പത്രിക നൽകും. ഇതിന് ശേഷം മണ്ഡലപ്രദക്ഷിണ പരിപാടിക്ക് തുടക്കമാകും.

സി. ദിവാകരൻ ഇന്ന് പത്രിക സമർപ്പിക്കും

എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 9.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുടപ്പനക്കുന്നിലെത്തും. തുടർന്ന് 11ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പാർലമെന്റ് മണ്ഡലത്തിലെ ജനപ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടാകും. പത്രികാ സമർപ്പണത്തിന് മുന്നോടിയായി രാവിലെ രാവിലെ പട്ടത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമയിലും നിയമസഭാ കോംപ്ലക്സിനു മുന്നിലെ ഇ.എം.എസ് പ്രതിമയിലും വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിലും പുഷ്പാർച്ചന നടത്തും.

സി. ദിവാകരന്റെ പര്യടന പരിപാടികൾ ഇന്നലെ കോവളം മണ്ഡലത്തിലെ പര്യടനത്തോടെ പൂർത്തിയായി. രാവിലെ 8ന് വെങ്ങാനൂരിൽ അയ്യങ്കാളി സ്മാരകത്തിൽ നിന്നാണ് പര്യടനപരിപാടികൾ ആരംഭിച്ചത്.

തരൂർ ഏപ്രിൽ ഒന്നിന് പത്രിക സമർപ്പിക്കും

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ഏപ്രിൽ ഒന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15ന് വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് യു.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അറിയിച്ചു .ശാസ്തമംഗലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും യു.ഡി.എഫിന്റെ സമുന്നത നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായിട്ടാണ് തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുക. ശശി തരൂരിന്റെ പാർലമെന്റ് മണ്ഡല പര്യടനം ഏപ്രിൽ ഒന്നിന് ആരംഭിക്കും. വട്ടിയൂർക്കാവ് മരുതംകുഴി ഉദിയന്നൂർ ക്ഷേത്രത്തിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്.
തിരുവനന്തപുരം പാർലമെന്റിലെ 1305 ബൂത്തുകളിലെ യു.ഡി.എഫ് ബൂത്ത് കൺവെൻഷൻ വെള്ളിയാഴ്ച പൂർത്തിയാകും. 85 മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നു.

ഉമ്മൻചാണ്ടി ഇന്ന് മണ്ഡലത്തിൽ

യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഇന്ന് വൈകിട്ട് 5ന് കഴക്കൂട്ടം മണ്ഡലത്തിലെ പോങ്ങുംമൂട്ടിലും വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കടയിൽ 6 മണിക്കും തിരുവനന്തപുരം മണ്ഡലത്തിലെ ശംഖുംമുഖത്തും രാത്രി 7 മണിക്കും നടക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും.