kollam-udf

കൊല്ലം: യു.ഡി.എഫ് അസത്യ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പൊലീസ് ഓഫീസർമാർ നിയമനടപടിക്ക് ഒരുങ്ങുന്നു. കൊല്ലം സിറ്റി പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐമാരായ സുരേഷ് ബാബുവും ഷാജിയുമാണ് നേതാക്കൾക്കെതിരെ നിയമനടപടിക്ക് അനുമതി തേടി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മുഖേന ഡി.ജി.പിയെ സമീപിച്ചത്.

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചാൽ ബി.ജെ.പിയിലേക്ക് ചാടുമെന്ന് തങ്ങൾ പ്രചരിപ്പിച്ചതായി യു.ഡി.എഫ് നേതാക്കൾ യോഗങ്ങളിൽ പ്രസംഗിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയെന്നുമാണ് പൊലീസ് ഓഫീസർമാർ അപേക്ഷയിൽ പറയുന്നത്. ഇടത് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് വേണ്ടി പലരോടും വോട്ട് അഭ്യർത്ഥിച്ചതായും യു.ഡി.എഫ് നേതാക്കൾ പ്രചരിപ്പിക്കുന്നുവെന്നും ഇവർ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. പൊലീസ് ഓഫീസർമാർക്കെതിരെ യു.ഡി.എഫ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ സമീപിച്ചതായും വിവരമുണ്ട്.

ഇതിനിടെ മറ്രൊരു സംഭവത്തിൽ കളക്‌ടറേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ യു.ഡി.എഫ് നേതാവ് ഫോണിൽ ഭീഷണിപ്പെടുത്തിയതായും വിവരം ലഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണി ചില രേഖകൾ പുറത്തുവിട്ടത് ഈ ഉദ്യോഗസ്ഥൻ മുഖേനയാണെന്ന ധാരണയിലാണത്രെ സംഭവം. എന്നാൽ യു.ഡി.എഫ് നേതാക്കൾക്ക് വിവരം ചോർത്തി നൽകിയതിന്റെ പേരിൽ ഒരു വനിതാ ജീവനക്കാരി എൽ.ഡി.എഫിന്റെ നോട്ടുപ്പുള്ളിയായിട്ടുണ്ട്.

നിയമനടപടിക്ക് ഒരുങ്ങുന്ന ഓഫീസർമാർക്ക് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പിന്തുണയുമുണ്ട്. നേരത്തെ കൊട്ടിയം പൊലീസ് സ്‌റ്രേഷനിൽ ഒരു കോൺഗ്രസ് നേതാവ് ക്രിമിനൽ കേസിൽ പ്രതിയായത് ഈ രണ്ട് ഉദ്യോഗസ്ഥരുടെ നിലപാട് മൂലമാണെന്ന തെറ്റിദ്ധാരണയിലാണത്രെ ഇരുവർക്കുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതെന്ന് അസോസിയേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.