thodupuzha-murder
തൊടുപുഴയിൽ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദ്

തൊടുപുഴ: കൊടുംക്രൂരതയുടെ പര്യായമാണ് നന്തൻകോട് സ്വദേശി അരുൺ. മനുഷ്യത്വം അല്പംപോലുമില്ലാത്ത പെരുമാറ്റം. എന്തും ചെയ്യും. പശ്ചാത്താപം ലവലേശമില്ല. ദേഷ്യംതോന്നിയാൽ ആരെയും ക്രൂരമായി ആക്രമിക്കും. സ്ത്രീയാണെന്നോ കുട്ടിയാണെന്നോ നോട്ടമില്ല. തന്റെ ലക്ഷ്യം സാധിക്കണം എന്ന ചിന്തമാത്രം. ലഹരിയും ആയുധവും ഇയാളുടെ സന്തതസഹചാരിയാണ്. ലഹരിയെ കൂട്ടുപിടിച്ചാണ് കൊടുംക്രൂരതകൾ ഒരുമടിയുമില്ളാതെ ചെയ്യുന്നത്.

ഗുരുതരാവസ്ഥയിലായ ഏഴുവയസുകാരനെ ആശുപ്രതിയിലെത്തിച്ച ഇയാളുടെ കാറിൽ നിന്നും പൊലീസ് മഴുവും പകുതി കാലിയായ മദ്യക്കുപ്പിയും പിടിച്ചെടുത്തിരുന്നു. പ്ളാസ്റ്റിക് പിടിയോടുകൂടിയ തിളങ്ങുന്ന മഴു പുതുപുത്തനാണ്. ഇത് ആരെയും ആക്രമിക്കാൻ ഉപയോഗിച്ചില്ലെന്നാണ് പൊലീസ് കരുതുന്നത്.ആരെയെങ്കിലും വകവരുത്താനാണോ മഴു കൊണ്ടുനടന്നിരുന്നതെന്ന സംശയമുണ്ട്. കൂടുതൽ ചോദ്യംചെയ്യൽ കഴിഞ്ഞാലേ ഇക്കാര്യം വ്യക്തമാവൂ . കാർ അരുണിന്റെയും യുവതിയുടെയും പേരിലുള്ളതാണ്.

തിരുവനന്തപുരത്തുനിന്ന് കുമാരമംഗലത്തേക്ക് താമസം മാറുന്നതിനിടയിൽ കാലിൽ കട്ടിൽവീണ് അരുണിന് സാരമായി പരിക്കേറ്റിരുന്നു. വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയായിരുന്നു അന്ന് നടത്തം. മര്യാദ പഠിപ്പിക്കാനെന്ന പേരിൽ കുട്ടികളെ ക്രൂരമായി മർദ്ദിച്ചത് ഇൗ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു. കഠിനവേദനയിൽ ദയനീയമായി നിലവിളിച്ചാൽപ്പോലും മർദ്ദനം അവസാനിപ്പിക്കില്ല. അനുജനെ കക്കൂസിൽ കൊണ്ടുപോയി മൂത്രമൊഴിപ്പിച്ചില്ല എന്നുപറഞ്ഞാണ് ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ചത്.