നല്ലൊരു ദന്തഡോക്ടർ. സാമാന്യം നല്ല സമ്പത്ത്. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒരു രാത്രിയിൽ ഒരു പാവപ്പെട്ട സ്ത്രീ വീട്ടിൽ വന്നു. പല്ലിന്റെ തകരാറ് കാണിക്കാനാണ് വന്നത്. ഡോക്ടർ സാമാന്യമായൊന്ന് നോക്കിയിട്ടു പറഞ്ഞു, ''നാളെ ക്ളിനിക്കിലേക്കു വരിക."
അടുത്ത ദിവസം ക്ളിനിക്കിൽ പരിശോധിച്ചപ്പോൾ മനസിലായി നീണ്ട ചികിത്സ വേണ്ടിവരുമെന്ന്. ചെലവുമുണ്ട്. സ്ത്രീയോ ദരിദ്ര, അനാഥ. ഡോക്ടർക്കു ദയവ് തോന്നി. പണം വാങ്ങാതെ ചികിത്സിച്ചു. ഓരോ പ്രാവശ്യം വരുമ്പോഴും എന്തെങ്കിലും സഹായവും കൊടുക്കും. സഹായത്തിന്റെ അളവ് വർദ്ധിച്ചു. ഒപ്പം അവർ തമ്മിലുള്ള അടുപ്പവും. അതു ചെന്ന് കലാശിച്ചത് അവർ തമ്മിലുള്ള പിരിയാനാവാത്ത ബന്ധത്തിലാണ്. എന്തിനേറെ ഒരു കുട്ടിയും ഉണ്ടായി.
ഡോക്ടർ ഉത്തരവാദിത്വം കൈവെടിഞ്ഞില്ല. അവരുടെ ചെലവെല്ലാം നിർവഹിച്ചു. വർഷം 15 ആയി.
ഭാര്യ ഈ ബന്ധം കണ്ടുപിടിച്ചു. അവർ വിവരം സഹോദരനെ അറിയിച്ചു. അയാൾ ആ സ്ത്രീയുടെ പേരിൽ ഒരു പരാതി പൊലീസിൽ കൊടുത്തു. പതിനഞ്ചുവർഷമായി ഈ ഡോക്ടർ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു, ഒരു കുട്ടിയുമായി, തന്റെ സമ്പത്തു മുഴുവൻ തട്ടിയെടുത്തു എന്നിങ്ങനെ പോകുന്നു കുറ്റങ്ങൾ.
ഡോക്ടർ അറസ്റ്റിലായി, ജയിലിലുമായി. പത്രങ്ങളിൽ വാർത്തയായി. അവസാനം ആ സ്ത്രീ കോടതിയിലെത്തി മൊഴി കൊടുത്തു. 'ഇങ്ങനെയൊരു പരാതി ഞാൻ കൊടുത്തിട്ടില്ല" എന്ന്.
വിഹിതമല്ലാത്ത ഒരു ബന്ധം ഉഭയസമ്മതപ്രകാരം ഉണ്ടായിപ്പോയി എന്നതൊഴികെ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ. ഭാര്യാസഹോദരന്റെ കുബുദ്ധികാരണം താനിതാ തുറുങ്കിലടയ്ക്കപ്പെട്ടു. നാട്ടുകാരും സുഹൃത്തുക്കളും വെറുക്കാൻ തുടങ്ങി. തന്റെ ഭാര്യാസഹോദരന്റെ ദുർബുദ്ധിയെ ഡോക്ടർ പഴിച്ചു.
സ്വന്തം മനസ് സ്വന്തം വരുതിയിൽ നില്ക്കുന്നില്ല. അപ്പോൾ മറ്റുള്ളവരുടെ മനസിനെ എങ്ങനെ അനുകൂലമാക്കാൻ സാധിക്കും!
കാളിദാസ മഹാകവി രഘുവംശകാവ്യത്തിൽ പറയുന്നു, ''രണ്ടുതരം ശത്രുക്കളുണ്ട്. ഒന്ന് ഉള്ളിലിരിക്കുന്നതും, മറ്റേത് പുറത്തുള്ളതും. പുറത്തുള്ള ശത്രു വല്ലപ്പോഴും ഒരിക്കലേ ആക്രമിക്കൂ. ഉള്ളിലിരിക്കുന്നവനാകട്ടെ, സദാ ആക്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഉള്ളിലിരിക്കുന്ന ശത്രുവിനെ ആദ്യം തോല്പിക്കാം. പിന്നെയാകട്ടെ, വെളിയിലുള്ള ശത്രുവിനെ തോല്പിക്കാനുള്ള ശ്രമം."
ഉള്ളിലെ ശത്രു ഇല്ലാതായിക്കഴിഞ്ഞാൽ വെളിയിൽ ശത്രുവിനെ കാണാനേ ഉണ്ടാവില്ല.