വയനാടൻ കളരിയിൽ പരിശീലനം പൂർത്തിയാക്കി പതിനെട്ടടവും സിദ്ധിച്ച മുല്ലപ്പള്ളി ഗാന്ധിക്ക് ഏത് പൂഴിക്കടകൻ അഭ്യാസിയെയും എളുപ്പത്തിൽ തിരിച്ചറിയാനാവും. ഡൽഹിയിലിരുന്ന് അന്തർനാടകം കളിച്ച യെച്ചൂരി സഖാവിനെയും കൂട്ടരെയും കൈയോടെ പിടികൂടാനായത് അങ്ങനെയായിരുന്നു. പതിനെട്ടടവും പയറ്റിത്തെളിഞ്ഞ മുല്ലപ്പള്ളി ഗാന്ധിയോട് പത്തൊമ്പതാമത്തെ പൂഴിക്കടകൻ പയറ്റാൻ യെച്ചൂരി സഖാവിനെ പ്രേരിപ്പിച്ചത് മഹാസാധു പിണറായി സഖാവായതാണ് മുല്ലപ്പള്ളി ഗാന്ധിയെ അങ്ങേയറ്റം പ്രകോപിതനാക്കിയിരിക്കുന്നത്.
മർമ്മത്തിൽ കുത്തിയാൽ മഹാത്മാഗാന്ധിക്ക് ചിലപ്പോൾ പിടിച്ചുനിൽക്കാനായെന്ന് വരും. പക്ഷേ മുല്ലപ്പള്ളി ഗാന്ധിയോ ചെന്നിത്തല ഗാന്ധിയോ ഓ.സി ഗാന്ധിയോ ആ ഗണത്തിൽ പെടുന്നവരല്ല. മർമ്മത്തിൽ കുത്തിയാൽ തിരിച്ച് കുത്തിയേ അവർക്ക് അടങ്ങാനാവൂ. അതുകൊണ്ടാണ് ഡൽഹിയിലിരുന്ന് ചില പ്രസ്ഥാനക്കാർ നടത്തിയ അന്തർനാടകത്തിന് മുല്ലപ്പള്ളി ഗാന്ധി കനത്ത താക്കീത് നൽകിയത്.
വയനാടൻ മഞ്ഞൾ മുറിച്ചപോലെ ആയിരുന്നു കരിന്തണ്ടന്റെ വയനാട്ടിലേക്ക് രാഹുൽമോന്റെ വരവ് ഓ.സി ഗാന്ധി വിളംബരം ചെയ്തത്. അതൊരു ഒന്നൊന്നര വിളംബരമായിപ്പോയി എന്ന് അടുത്ത നിമിഷത്തിൽ മുല്ലപ്പള്ളി ഗാന്ധിക്ക് തോന്നാതിരുന്നില്ല. പക്ഷേ ഓ.സി ഗാന്ധി ഒരു തവണ പറഞ്ഞാലത് നൂറ് തവണ പറഞ്ഞ മാതിരിയാണെന്ന് തീർച്ചമൂർച്ചയുള്ള ചെന്നിത്തല ഗാന്ധി അടുത്ത ക്ഷണത്തിൽ അതേറ്റു പറഞ്ഞുകളഞ്ഞു! രാഹുൽമോനെ വയനാട്ടിലേക്ക് വരുത്തിച്ചേ അടങ്ങൂ എന്ന് മുല്ലപ്പള്ളിഗാന്ധിയും ശപഥമെടുത്തുപോയത് അതുകൊണ്ടാണ്.
ഏതെങ്കിലും കുറ്റിച്ചൂലിനെ നിറുത്തിയാൽ വയനാടിങ്ങ് പോന്നോളും എന്നറിയുന്ന പത്തരമാറ്റ് ഗാന്ധിയാണ് ചെന്നിത്തല ഗാന്ധി. എന്നാലും കുറ്റിച്ചൂലിന്റെ സ്റ്റാറ്റസ് വേറെയായത് കൊണ്ടാണ് വയനാടൻ കളരിയുടെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാനായി രാഹുൽമോനെ തന്നെ വിളിക്കാൻ നിശ്ചയിച്ചതെന്നാണ് പറയുന്നത്.
വയനാടിലേക്കാവുമ്പോൾ അതിന്റെ മുറയ്ക്കാവണമല്ലോ കാര്യങ്ങൾ. 'തച്ചോളി ഓമന കുഞ്ഞിയൊതേനൻ മൂന്നടി മുമ്പോട്ടു വയ്ക്കുന്നുണ്ട്, ഏഴടി പിമ്പോട്ട് മാറി നിന്നു' എന്ന പരുവത്തിലാണിപ്പോൾ രാഹുൽമോന്റെ നില്പും. ആ നില്പിന് പിന്നിൽ യെച്ചൂരിസഖാവിന്റെ കറുത്ത കരങ്ങളാണെന്ന് മുല്ലപ്പള്ളി ഗാന്ധി നല്ലപോലെ സംശയിക്കുന്നു. കെ.പി.സി.സിക്കും മുകളിലോ യെച്ചൂരി സഖാവ് എന്നുവന്നാലത്തെ സ്ഥിതിയെന്താണ്! ചെന്നിത്തലഗാന്ധി അരിയെത്രയെന്ന് ചോദിച്ചാൽ പിണറായി സഖാവ് പയറഞ്ഞാഴി എന്ന് പറയുന്ന കേരളത്തിൽ അത് ചിന്തിക്കാനാവാത്തതാണ്. അതിലും ഭേദം ആത്മഹത്യയാണ്!
മുല്ലപ്പള്ളി ഗാന്ധി അതുകൊണ്ട് ശുഭാപ്തിവിശ്വാസത്തിലാണ്. 'ഉറുമി പലിശ തൊടുത്തെടുത്തു, പടവിളി മൂന്ന് വിളി വിളിച്ചു, നൂറ്റൊന്ന് കുറ്റി വെടിവയ്പിച്ചു, പൊന്നീയം പടയ്ക്ക് പുറപ്പാടായി ' എന്ന് പാണന്മാർ വടക്കൻപാട്ടിൽ കുഞ്ഞിയൊതേനനെപ്പറ്റി പാടിയത് പോലെ വയനാടൻ കളരിയിൽ അഭ്യാസത്തിന് രാഹുൽമോന്റെ ഒന്നൊന്നര വരവുണ്ടാകുമെന്ന് തന്നെയാണ് മുല്ലപ്പള്ളിഗാന്ധിയുടെ വിശ്വാസം.
ഇനി രാഹുൽമോന്റെ വരവുണ്ടായില്ലായെങ്കിൽ കുറ്റിച്ചൂലല്ല, സിദ്ദിഖ്ഗാന്ധി വന്നാലും വയനാടൻ കളരിയിൽ പെടാപ്പാട് പെടേണ്ടി വരുമെന്നും മുല്ലപ്പള്ളി ഗാന്ധിക്ക് മനസിലാവുന്നുണ്ട്. അതുകൊണ്ട് യെച്ചൂരി സഖാവ് വേണോ കെ.പി.സി.സി വേണോ എന്ന് രാഹുൽമോൻ തീരുമാനിക്കട്ടെ.
പൂഞ്ഞാർ റിപ്പബ്ലിക്കിലെ പുള്ളിപ്പുലി ജോർജിനെ പേടിച്ചാരും ഈ വഴി നടപ്പീല എന്നാണ് പ്രമാണം. പൂഞ്ഞാർ റിപ്പബ്ലിക്കിൽ സൂര്യനുദിക്കണമെങ്കിൽ ജോർജിന്റെ കുംഭ ഇളകണം. അതൊന്ന് ഇളകിയാടിയാലേ സൂര്യൻ ഉദിക്കാൻ തുടങ്ങൂ. വീട്ടിലെ പെണ്ണുങ്ങളെപ്പറ്റി എന്തും വിളിച്ചുപറയുമോ എന്ന് കോടതി ജോർജിനോട് ചോദിച്ചത് ജോർജിനെ ശരിക്കും മനസിലാക്കാത്തത് കൊണ്ടാണ്. അത് വഴിയേ മനസിലാക്കിത്തരാം എന്ന് ജോർജച്ചായൻ പറഞ്ഞില്ലെന്നേയുള്ളൂ. അങ്ങനെ പറയാത്തത് വിനയം ആ കുംഭയ്ക്കകത്ത് നിറച്ചുവച്ചത് കൊണ്ടാണ്. എന്നുവച്ച് വരും ദിവസങ്ങളിൽ മനസിലാക്കിക്കൊടുക്കില്ല എന്നില്ല.
ജോർജച്ചായന് ഒരു നിലയും വിലയുമൊക്കെയുണ്ട്. അതില്ലായെന്ന് ധരിച്ചുവശായിരിക്കുന്നവരിൽ പ്രധാനി പാലാ മെമ്പർ കരിങ്ങോഴയ്ക്കൽ മാണി മാണിയാണ്. കോൺഗ്രസുകാർ അക്കൂട്ടത്തിൽ പെടില്ല. നിങ്ങളെന്നെ കോൺഗ്രസാക്കൂ എന്ന് ജോർജ് ഈ കോൺഗ്രസുകാരെ നോക്കി വെല്ലുവിളിച്ചതായിരുന്നു. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം ഓ.സിഗാന്ധിക്കോ ചെന്നിത്തലഗാന്ധിക്കോ, എന്തിനധികം മുല്ലപ്പള്ളിഗാന്ധിക്കോ പോലും ഇല്ലാതെ പോയി.
നിയമസഭയിൽ ജോർജച്ചായൻ കറുപ്പുടുത്ത് മപ്പടിച്ച് നിന്നതായിരുന്നു ഒരിക്കൽ. അത് നേമത്തെ താമരയിതളായ രാജേട്ടനോടുള്ള സിമ്പതി ഒന്ന് കൊണ്ട് മാത്രമായിരുന്നു. അന്ന് കറുപ്പുടുത്ത് ഒറ്റ ബ്ലോക്കായാലോ എന്ന് രാജേട്ടനോട് ജോർജ് പറഞ്ഞത് കേട്ടിട്ട് ഹാർട്ട് ബ്ലോക്കാണെന്ന് രാജേട്ടൻ തെറ്റിദ്ധരിച്ചുപോയെന്നാണ് പറയുന്നത്. ആ തെറ്റിദ്ധാരണ മാറ്റാൻ ജോർജച്ചായൻ മെനക്കെട്ടില്ല. അങ്ങനെയാണ് കോൺഗ്രസുകാരെ നോക്കി മപ്പടിച്ച് നിന്ന് വിളിച്ചുചോദിച്ചത്. നിങ്ങൾക്കെന്നെ കോൺഗ്രസാക്കാനാകുമോ എന്നായിരുന്നു ചോദ്യം. കോൺഗ്രസുകാർ കേൾക്കാത്തത് കൊണ്ട് നഷ്ടമാർക്കുണ്ടായി? കോൺഗ്രസുകാർക്ക്.
ജോർജച്ചായന് 'പോടാ പുല്ലേ' എന്ന് പറഞ്ഞാണ് ശീലം. അതുകൊണ്ട് വിളി കേൾക്കാത്ത കോൺഗ്രസുകാരോട് 'പോടാ, പുല്ലേ' എന്ന് അച്ചായൻ പറഞ്ഞിട്ടുണ്ട്. അവരത് കേൾക്കാത്തത് അവരുടെ കുറ്റമായി കാണുക. അച്ചായൻ സുരേന്ദ്രൻജിയെ തുണയ്ക്കുമെന്ന് പത്തനംതിട്ടയിൽ മുന്നറിയിപ്പ് കൊടുത്തത് കേട്ടിട്ട് ആന്റോ ആന്റണിയും വീണ ജോർജും ഞെട്ടിത്തരിച്ചെന്നാണ് വർത്തമാനം. അച്ചായൻ അങ്ങനെയിങ്ങനെയൊന്നും ആർക്കും പിന്തുണ കൊടുക്കുന്നതല്ല. സുരേന്ദ്രന്റെ ഭാഗ്യമെന്ന് കരുതുക. ഭാഗ്യം കടുക്കാതിരുന്നാൽ മതി.
ഇ-മെയിൽ: dronar.keralakaumudi@gmail.com