കടയ്ക്കാവൂർ: അമ്മാവനും മരുമകനും തമ്മിലുള്ള വഴക്കിനിടയിൽ അടിയേറ്റ് മരുമകൻ മരിച്ചു. മേൽ കടയ്ക്കാവൂർ തിനവിള പാട്ടുമുലയിൽ കൊച്ചുതെങ്ങ് വിള വീട്ടിൽ വിനോദ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ ആയിരുന്നു സംഭവം. വിനോദും അമ്മാവൻ അശോകനുമായുള്ള വഴക്കാണ് അടിപിടിയിലും മരണത്തിനുമിടയാക്കിയത്. മദ്യലഹരിയിലായിരുന്നു വഴക്കെന്ന് അറിയുന്നു. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിക്കുകയും അശോകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാേർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിനോദിന്റെ ഭാര്യ ശാന്തി. വിശാൽ, വിനായകൻ, വിനു എന്നിവർ മക്കളാണ്.