പദ്ധതിയുടെ മേൽ ഉദ്യോഗസ്ഥ പ്രമാണിമാർ അടയിരിക്കുന്നത് പുതിയ കാര്യമല്ല. നാട്ടാർക്ക് പ്രയോജനം കിട്ടുന്ന ഏത് പദ്ധതിയുടെയും കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതിനും മനഃപൂർവം വൈകിപ്പിക്കുന്നതിനും ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. അത്തരമൊരു നല്ല പദ്ധതി മൂന്നു വർഷമായി സെക്രട്ടേറിയറ്റിലെ ഐ.എ.എസ് ലോബി നടപ്പാക്കാതെ ചവിട്ടിപ്പിടിച്ചുവച്ചിരിക്കുന്നതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 2015ൽ കേന്ദ്രാനുമതിയും സംസ്ഥാന അനുമതിയും ലഭിച്ച പട്ടു വസ്ത്ര നിർമ്മാണത്തിനുള്ള സെറിഫെഡിന്റെ ഭാവനാപൂർണമായ പദ്ധതിയാണ് വിഷയം. പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ 86 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്.
ശേഷിക്കുന്ന 14 ശതമാനം സംസ്ഥാനവും. എന്നാൽ, സംസ്ഥാന വിഹിതം അനുവദിക്കാത്തതു നിമിത്തം പദ്ധതി ഇതുവരെ നടപ്പാക്കാനായില്ല. വലിയ തുകയൊന്നുമല്ല. വെറും 3.41 കോടി രൂപയാണ് സംസ്ഥാന വിഹിതമായി അനുവദിക്കേണ്ടിയിരുന്നത്. പട്ടുനൂൽ വസ്ത്രനിർമ്മാണ പദ്ധതി ഇവിടെ നടപ്പാക്കുകയും വിജയകരമായി അത് ഉന്നതി പ്രാപിക്കുകയും ചെയ്താൽ പുറത്തുനിന്ന് വ്യാജ പട്ട് ഇറക്കുമതി ചെയ്ത് കൊള്ളലാഭം കൊയ്യുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ കച്ചവടം പൂട്ടും. കൃത്രിമ പട്ടിന്റെ ചിറകിലേറി മനുഷ്യരെ കബളിപ്പിക്കുകയും വൻലാഭം നേടുകയും ചെയ്യുന്നവരുടെ താത്പര്യ സംരക്ഷണാർത്ഥമാണ് ഈ ലോബിയുമായി നേരിട്ടു ബന്ധമുള്ള ഉന്നതഉദ്യോഗസ്ഥർ പദ്ധതി അട്ടിമറിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പണം അനുവദിക്കേണ്ട വ്യവസായ വകുപ്പിൽ സെക്രട്ടറിയായിരുന്ന പോൾ ആന്റണി ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഇപ്പോൾ കോടതി അലക്ഷ്യ നടപടി നേരിടേണ്ട സ്ഥിതിയിലാണ്. പുതിയ വ്യവസായ സംരംഭങ്ങൾ പിറവിയെടുക്കേണ്ടതിനെക്കുറിച്ച് മന്ത്രിമാർ ഒരുവശത്ത് ആവേശപൂർവം ഗിരിപ്രഭാഷണങ്ങൾ നടത്തുമ്പോഴാണ് വ്യവസായവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥൻ തികച്ചും നൂതനമെന്ന് പറയാവുന്ന ഒരു ചെറുകിട വ്യവസായ സംരംഭം അട്ടിമറിച്ചതെന്ന് ഓർക്കണം. ഇതുപോലുള്ള ഉദ്യോഗസ്ഥരുടെ കന്നന്തിരിവുകൾ അവർക്ക് മുകളിലുള്ള ഭരണാധിപന്മാർ ശ്രദ്ധിക്കുകയോ ശ്രദ്ധിച്ചാൽ തന്നെ തടയുകയോ ചെയ്യാത്തതുകൊണ്ടാണ് പദ്ധതികൾ പലതും കടലാസിൽ തന്നെ ശേഷിക്കുന്നത്. വ്യവസായരംഗത്ത് സംസ്ഥാനത്തിന് പറയത്തക്ക പുരോഗതിയൊന്നുമുണ്ടാക്കാൻ കഴിയാത്തതും.
രാജ്യം മുഴുവൻ നടപ്പാക്കാവുന്ന മാതൃകാ പദ്ധതിയെന്ന നിലയ്ക്കാണ് കേന്ദ്രം പട്ടുവസ്ത്ര നിർമ്മാണ പദ്ധതി അംഗീകരിച്ചത്. കൂട്ടത്തിൽ സംസ്ഥാനത്തെ സെറിഫെഡ് പുനരുദ്ധരിക്കുക എന്ന ലക്ഷ്യവും ഉണ്ട്. പ്രതിവർഷം 4000 കോടി രൂപയുടെ പട്ടുവസ്ത്രം നിർമ്മിക്കുകയാണ് ലക്ഷ്യം. ഇതിൽ 2500 കോടി രൂപയുടെ വസ്ത്രങ്ങൾക്ക് കേരളത്തിൽ തന്നെ വിപണി കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. പതിമ്മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർണമായും നടപ്പാക്കുമ്പോൾ പത്തുലക്ഷം പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ് സെറിഫെഡ് കണക്കുകൂട്ടുന്നത്. അതിശയോക്തിയായി തോന്നാമെങ്കിലും ആത്മാർത്ഥതയും അർപ്പണവുമുണ്ടെങ്കിൽ വലിയ നേട്ടമുണ്ടാക്കാനാവുമെന്നതിൽ സംശയമില്ല. പത്തുലക്ഷത്തിനു പകരം പതിനായിരം പേർക്കെങ്കിലും തൊഴിൽ നൽകാനാവുമെങ്കിൽ വലിയ കാര്യം തന്നെയാണത്. സമൂഹത്തിലെ പാവപ്പെട്ടവരും ദുർബല വിഭാഗങ്ങളിൽപ്പെട്ടവരുമാണ് പ്രധാനമായും നെയ്ത്തുതൊഴിലിൽ ഏർപ്പെടുന്നതെന്നതിനാൽ പദ്ധതി നടത്തിപ്പിലും ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും സർക്കാർ സവിശേഷ താത്പര്യം കാണിക്കേണ്ടതായിരുന്നു. സെറിഫെഡ് രൂപീകരിച്ചതുതന്നെ പട്ടുവസ്ത്ര നിർമ്മാണത്തിൽ സംസ്ഥാനത്തിന് നന്നായി ശോഭിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്. ആവശ്യമായ പട്ടുനൂൽ മുഴുവൻ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാവുന്നതാണ്. പട്ടുനൂൽപ്പുഴു വളർത്തൽ മൾബറി കൃഷിയെ ആശ്രയിച്ചാകയാൽ അതിനും ഇവിടം ഏറെ അനുയോജ്യമാണ്. പതിറ്റാണ്ടുകളായി ഇതിന് ശ്രമം തുടങ്ങിയിട്ട്. പുരോഗതിയൊന്നുമുണ്ടായില്ലെന്നു മാത്രം. ഡൽഹിയിൽ കഴിഞ്ഞമാസം നടന്ന ദേശീയ സെമിനാറിൽ സെറിഫെഡ് അവതരിപ്പിച്ച പട്ടുനൂൽ വസ്ത്ര നിർമ്മാണ പദ്ധതിക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ അനുമതി ഉടൻ ലഭിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് സംസ്ഥാനത്തിന് ഇതിനകം നഷ്ടമായ പദ്ധതികളുടെ കണക്കെടുത്താൽ ആർക്കും ഞെട്ടലുണ്ടാകും. പദ്ധതി തുടങ്ങിയാൽത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പലപ്പോഴും ശുഷ്കാന്തി കാണിക്കാറില്ല. ആവശ്യമായ സ്റ്റാറ്റസ് റിപ്പോർട്ടും പ്രോഗ്രസ് റിപ്പോർട്ടും നൽകാത്തതു കാരണം തുടർസഹായം നിലച്ച പദ്ധതികൾ നിരവധിയാണ്. കേന്ദ്രം അവഗണിക്കുന്നുവെന്ന് നിരന്തരം പരാതി ഉയരാറുണ്ട്. എന്നാൽ, കേന്ദ്രം അനുവദിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ കാണുന്ന അലസത പൊറുക്കാനാകാത്തതാണ്. തിരുവനന്തപുരം നഗരവികസനത്തിനായി കേന്ദ്രം അനുവദിച്ച അമൃത് പദ്ധതി നേരിടുന്ന ദുര്യോഗം ഇക്കൂട്ടത്തിൽപ്പെടും. ജലവിതരണം, മലിനജലസംസ്കരണം, പാർക്കിംഗ് സംവിധാനം, പമ്പ് ഹൗസുകൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 357 കോടി രൂപ അനുവദിച്ചതിൽ ചെറിയൊരു ഭാഗം പണികളാണ് ഇതിനകം പൂർത്തിയായത്. 357 കോടിയിൽ ഇതുവരെ ചെലവാക്കാനായത് 57 കോടി മാത്രം. ശേഷിക്കുന്ന തുക ചെലവഴിക്കാൻ ഇനി പന്ത്രണ്ടു മാസങ്ങളാണ് ശേഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ കാര്യത്തിലും ഇതേ അലസതയാണ് കാണാനാവുക. ഒരു വർഷംകൊണ്ട് നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും ഒച്ചിനെപ്പോലും നാണിപ്പിക്കും വിധത്തിലാണ് അതിന്റെ നടത്തിപ്പ്. ആയിരംകോടി രൂപയുടേതാണ് സ്മാർട്ട് സിറ്റി പദ്ധതി. സംസ്ഥാനത്തെ മറ്റ് എട്ട് നഗരങ്ങളിലെ അമൃത് പദ്ധതികളുടെ പുരോഗതിയും ഇതുപോലെതന്നെ. നിരന്തര സമ്മർദ്ദവും മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടലുകളുമില്ലാതെ ഒരു പദ്ധതിക്കും ഗതിവേഗമുണ്ടാവില്ല എന്നതായിരിക്കുന്നു ഇവിടത്തെ സ്ഥിതി. മന്ത്രിമാർക്കാണെങ്കിൽ തിരക്കൊഴിഞ്ഞിട്ട് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയവുമില്ല. സുപ്രധാന മന്ത്രിസഭാ തീരുമാനം പോലും ഉത്തരവായി സത്വരം ഇറക്കാതിരുന്നിട്ടും അതിനുത്തരവാദിയായ ഉദ്യോഗസ്ഥൻ പ്രതാപത്തോടെ വാഴുന്നു.