കിളിമാനൂർ:നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ മാടപ്പാട്ടെ വല്ലക്കോട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.പിന്നാക്കക്കാർ തിങ്ങിപ്പാർക്കുന്ന ഈ മേഖല വർഷങ്ങളായി കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്.കുടിവെള്ള ക്ഷാമം പരിഹരിക്കാനായി വിവിധ പദ്ധതികൾ സ്ഥാപിച്ചെങ്കിലും അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ടും പ്രവർത്തിപ്പിക്കുന്നതിലെ അപാകതകൾ കാരണവും പലതും നാശോന്മുഖമായി.വയലും തോടുമെല്ലാം സമീപത്തായുണ്ടെങ്കിലും വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും.ശാസ്ത്രീയമായതും കാര്യക്ഷമമായതുമായ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിയാൽ മാത്രമേ ഇവിടെ ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ.ഉയർന്ന പ്രദേശത്ത് താമസിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന കുടിവെള്ളവുമായി കുന്ന് കയറിപ്പോകേണ്ട അവസ്ഥയാണ്. കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല.വല്ലക്കോടുള്ള ജനങ്ങൾ എപ്പോഴും ഉന്നയിക്കുന്നതും ഈ കുടിവെള്ള പ്രശ്നം തന്നെയാണ്.മാടപ്പാട് വയ്ക്കൽ പാലം മുതൽ ആയിരവില്ലി ക്ഷേത്രം വരെ വ്യാപിച്ചു കിടക്കുന്ന കോളനിയിൽ ഏകദേശം 31 പിന്നാക്ക കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. വീടുകളിലെ കിണറുകളെല്ലാം വറ്റി വരണ്ടു.എന്നാൽ ഇവിടെ
വാഹനങ്ങളിലോ തലച്ചുമടായോ കുടിവെള്ളം എത്തിക്കാൻ പോലും കഴിയാത്ത സ്ഥലങ്ങളുണ്ട്. ഇപ്പോൾ ജനങ്ങൾ കുടിവെള്ളത്തിനായി മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇപ്പോഴത്തെ അവസ്ഥ
നിലവിൽ കുടിവെള്ള ലഭ്യത കുറയുന്ന അവസ്ഥയാണ്. മേഖലയിൽ വരൾച്ചയും രൂക്ഷമായിരിക്കുകയാണ്. ജലസ്ത്രോതസുകളെല്ലാം വറ്റി വരണ്ടു.ചെറു വാഹനങ്ങളിലും തലച്ചുമടായി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണ്.വളരെ ഉയർന്ന പ്രദേശങ്ങളിലുള്ളവർക്കാണ് കുടിവെള്ളം ഒട്ടും ലഭിക്കാത്തത്.വെള്ളല്ലൂർ മേഖലയിലെ വിവിധ പ്രദേശങ്ങൾ കുടിവെള്ളഭീഷണി നേരിടുന്നുണ്ട്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും വരൾച്ചയെ നേരിടാൻ ഇവയ്ക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നടപ്പാക്കിയ പദ്ധതികൾ
1) കുടിവെള്ള പദ്ധതി
എസ്.സി ഡെവലപ്മെന്റ് ഫണ്ട്:
തുക: 7 ലക്ഷം.
അവസ്ഥ: പ്രവർത്തനം നിലച്ചു
പ്രശ്നം: മോട്ടോർ പ്രവർത്തിക്കാതായി.
കാരണം:അലക്ഷ്യമായ ഉപയോഗം
2)ം കുടിവെള്ള പദ്ധതി
എസ്.സി ഡെവലപ്മെന്റ് ഫണ്ട്:
തുക: 4 ലക്ഷം.
അവസ്ഥ: ഏപ്രിൽ മാസത്തോടെ ആരംഭിക്കും
ബോർവെൽ സ്ഥാപിക്കും
വാട്ടർ കിയോസ്കുകൾ
കുടിവെള്ള പ്രശ്നത്തെ തുടർന്ന് മേഖലയിൽ അടിയന്തരമായി വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും. താലൂക്കിന്റെ ഫണ്ടുപയോഗിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കിയോസ്കുകൾ സ്ഥാപിക്കുന്നത്.5000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലം നിറച്ച് വിതരണം ചെയ്യും.
പ്രതികരണം
നാല് ലക്ഷം രൂപ ഭൂഗർഭ ജല അതോറിട്ടിക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.ഏപ്രിൽ മുതൽ പണി ആരംഭിക്കും.കോളനി നേരിടുന്ന കുടിവെള്ള പ്രശ്നം നേരിടാനായി വാട്ടർ കിയോസ്കുകൾ സ്ഥാപിക്കും.
അനൂപ് രാജ് ,മെമ്പർ,14ാം വാർഡ്