പാറശാല: പാറശാലയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കൊടവിളാകം വാർഡിലെ പുതുശേരികുളം നവീകരിക്കണമെന്നത്. ഇതിനായി പഞ്ചായത്ത് അധികൃതർ കുളം നവീകരിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചു. കുളത്തിലെ വെള്ളം വറ്റിച്ച് ചെളികോരി മാറ്രിയശേഷം കുളത്തിന്റെ വശങ്ങളിൽ തകർന്ന് കിടക്കുന്ന മൂന്ന് വശങ്ങൾ പുതുക്കി പണിയാനും ബാക്കിയുള്ള ഒരു വശത്ത് പുതിയ കരിങ്കൽ കെട്ടിനും ബണ്ടുകൾ നിർമ്മിക്കാനും അധികൃതർ എസ്റ്റിമേറ്റു തയ്യാറാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു അധികൃതർ ലക്ഷ്യംവച്ചത്. അതനുസരിച്ച് കുളം വറ്റിച്ച് കരിങ്കൽ ഭിത്തിക്കുള്ള നിർമ്മാണം ആരംഭിച്ചപ്പോഴാണ് കുളത്തിന്റെ ഭിത്തിക്ക് എസ്റ്റിമേറ്റിൽ കണക്കായതിൽ കൂടുതൽ ഉയരമുണ്ടെന്ന് കണ്ടെത്തിയത്. ഒപ്പം കുളത്തിന്റെ കരയിലൂടെയുള്ള പുതിയ പഞ്ചായത്ത് റോഡ് സംരക്ഷിക്കേണ്ടതും മറ്റൊരു ആവശ്യമായി വന്നു. ഇതോടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നായി. എന്നാൽ നിലവിലെ എൻജിനിയർ മാറി പുതിയ ആൾ എത്തുന്നതുവരെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് നീണ്ടു. പുതിയ എൻജിനിയർ എത്തി എസ്റ്റിമേറ്ര് തയാറാക്കിയെങ്കിലും നടപടികൾ പൂർത്തിയായപ്പോൾ ഇലക്ഷൻ പ്രഖ്യാപിച്ചത് വീണ്ടും തിരിച്ചടിയായി. ഇനി നിർമ്മാണം തുടങ്ങണമെങ്കിൽ ഇലക്ഷൻ കമ്മിഷൻ കനിയണം.
വറ്റി വരണ്ട കുളം പുല്ല് വളർന്ന് ചെളി കട്ടപിടിച്ചതോടെ സമീപത്തെ കന്നുകാലികൾക്ക് മേച്ചിൽ സ്ഥലവും യുവാക്കൾക്ക് കളിസ്ഥലവുമായി മാറി. കാഴ്ചയിൽ ഇപ്പോൾ ഈ കുളം വെറും തരിശ് ഭൂമിക്ക് തുല്യമാണ്. ഇലക്ഷൻ കമ്മിഷൻ കനിഞ്ഞില്ലെങ്കിൽ നിർമ്മാണം തുടങ്ങാൻ ഇലക്ഷൻ വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ അപ്പോഴേക്കും മഴ പെയ്ത് കുളത്തിൽ വെള്ളം നിറഞ്ഞ് നവീകരണം വീണ്ടും മുടങ്ങുമെന്ന ഭീതിയിലാണ് നാട്ടുകാർ.
കർഷകരുടെ ആശ്രയം പുതുശേരിക്കുളം, എന്നിട്ടും...
തമിഴ്നാട് അതിർത്തിയോട് ചേർന്ന പാറശാല ഗ്രാമപഞ്ചായത്തിന്റെ വാർഡായ ഇവിടത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും എത്തുന്ന മഴവെള്ളമാണ് കുളത്തിലെ ജലസമൃദ്ധി. ഈ കുളത്തിൽ നിന്നു കിട്ടുന്ന വെള്ളമാണ് 100 ഏക്കറോളം വരുന്ന കൃഷിയിടങ്ങളുടെ ആകെ ആശ്രയം. രണ്ടര ഏക്കറോളം വിസ്തൃതിയുള്ള കുളം നവീകരിച്ചിട്ട് 30 വർഷത്തിൽ കൂടുതലായി. ഇതുകാരണം കുളത്തിന്റെ മൂന്ന് കരയിലെയും കരിങ്കൽ കെട്ടുകൾ തകർന്നു. ഉടൻ നിർമ്മാണം പൂർത്തിയാകുമെന്ന വിശ്വാസത്തിലാണ് കുളം വറ്റിച്ച് നിർമ്മാണം തുടങ്ങിയത്. കടുത്ത വേനലിൽ ഏലായിലെ വാഴയും, മരച്ചീനിയും, പച്ചക്കറികളും എല്ലാം നശിച്ചു തുടങ്ങി. ഇതോടെ കർഷകർ പരാതിയുമായി വാർഡ് മെമ്പറെയും പഞ്ചായത്ത് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും പ്രയോജനം കണ്ടില്ല.
തമിഴ്‌നാട് അതിർത്തിയിലെ മുല്ലശേരി കുളത്തിൽ നിന്നു കൃഷിക്കായി വെള്ളം എത്തിക്കാൻ കഴിയുമെങ്കിലും തമിഴ്‌നാട് അധികൃതർ കനിയണം. അല്ലാത്തപക്ഷം ഈ പ്രദേശത്ത് ഇപ്പോൾ ബാക്കിയുള്ള കാർഷിക വിളകളും നശിച്ച് കർഷകർ വൻ ബാദ്ധ്യതകളിലേക്ക് കൂപ്പുകുത്തും.
കുളത്തിന്റെ വിസ്തൃതി...........2.5 ഏക്കർ
കുളം നവീകരിച്ചിട്ട് ......30 വർഷം
എസ്റ്റിമേറ്റ് തയാറാക്കിയത്........... 16 ലക്ഷം